-->
ലണ്ടന്‍: ഇം?ീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ വീഴ്‌ത്തി കിരീടപോരാട്ടം കടുപ്പിച്ച് ആസ്‌റ്റണ്‍ വില്ല. സ്വന്തം മൈതാനമായ വില്ലാ പാര്‍ക്കില്‍ ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഉനായ് എമെറിയുടെ സംഘം വെന്നിക്കൊടി പാറിച്ചത്.
100 വര്‍ഷത്തിനിടെ ക്ലബിന്റെ ചരിത്രത്തില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി ഇതാദ്യമായി തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ജയിക്കാനും വില്ലയ്‌ക്കായി. ഇരുപകുതികളിലുമായി മോര്‍ഗന്‍ റോജേഴ്‌സിന്റെ ഇരട്ടപ്രഹരം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വിധിയെഴുതി. 45, 57 മിനിറ്റുകളില്‍ നേടിയ ഗോളുകള്‍ സമാനരീതിയിലായിരുന്നെന്ന സവിശേഷതയുമുണ്ട്.
ആദ്യഗോള്‍ വഴങ്ങി മൂന്നു മിനിറ്റിനുള്ളില്‍ മത്യാസ് കൂനിയയിലൂടെ റൂബന്‍ അമോറിമിന്റെ സംഘം ഒരു ഗോള്‍ മടക്കി. ആദ്യപകുതിയുടെ ഇന്‍ജുറി സമയത്തായിരുന്നു മാഞ്ചസ്‌റ്ററിന്റെ മറുപടി. പക്ഷേ, 57-ാം മിനിറ്റ് ഗോളില്‍ റോജേഴ്‌സ് വില്ലയുടെ വീരനായകനായി. ആദ്യപകുതിയില്‍ പരുക്കേറ്റ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പുറത്തായത് മാഞ്ചസ്‌റ്ററിന് മറ്റൊരു തിരിച്ചടിയായി. ഈമാസം 26 ന് ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരം ഉള്‍പ്പെടെ ഫെര്‍ണാണ്ടസിനു നഷ്‌ടമായേക്കുമെന്നാണു വിവരം.
യുണൈറ്റഡിനെതിരായ ജയത്തോടെ 1981 നു ശേഷം ഇതാദ്യമായി പ്രീമിയര്‍ ലീഗ് കിരീടപ്രതീക്ഷയുണര്‍ത്താന്‍ ആസ്‌റ്റണ്‍ വില്ലയ്‌ക്കായി. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണലിനും മാഞ്ചസ്‌റ്റര്‍ സിറ്റിക്കും പിന്നില്‍ മൂന്നാമതാണ് വില്ല.
17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റി (36)യുമായി ഒരുപോയിന്റിന്റെയും ആഴ്‌സണലു(39)മായി മൂന്നുപോയിന്റിന്റെയും മാത്രം അകലെയാണ് 36 പോയിന്റുള്ള ആസ്‌റ്റണ്‍ വില്ല. ഇത്രയും കളിയില്‍ 26 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ഏഴാം സ്‌ഥാനത്താണ്. ചെല്‍സി (29), ലിവര്‍പൂള്‍ (29), സണ്ടര്‍ലാന്‍ഡ് (27) ടീമുകളാണ് നാലുമുതല്‍ ആറുവരെ സ്‌ഥാനങ്ങളില്‍.
പ്രീമിയര്‍ ലീഗ് നടപ്പുസീസണില്‍ പരിതാപകരമായ തുടക്കത്തില്‍നിന്നാണ് ആസ്‌റ്റണ്‍ വില്ലയുടെ കുതിപ്പ്. ആദ്യ അഞ്ചു മത്സരങ്ങളില്‍ വെറും രണ്ടുപോയിന്റ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം. ഈ ഘട്ടത്തില്‍ എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത് ഒരു ഗോളും! പ്രീമിയര്‍ ലീഗില്‍ 28 വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം തുടക്കമായിരുന്നു ഇത്തവണത്തേത്.
ഇതിനുമുമ്പ് 26 തവണ വില്ലയുടെ തട്ടകത്തില്‍ പന്തുതട്ടാനെത്തിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് മുട്ടുമടക്കിയത്. ചരിത്രത്തിലെ ഈ മുന്‍തൂക്കം മുതലാക്കാന്‍ പക്ഷേ, ഇത്തവണ ചുവന്ന ചെകുത്താന്‍മാര്‍ക്കായില്ല.