Wednesday, March 11, 2026 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.18 AM

യോഗിയുടെ ഒളിയമ്പ്‌; തിരിച്ചടിച്ച്‌ അഖിലേഷ്‌

uploads/news/2025/12/817323/2.jpg

ലഖ്‌നൗ: നിര്‍ണായക ദേശീയപ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴെല്ലാം രാജ്യം വിടുന്ന 'രണ്ട്‌ നമൂണുകള്‍' ഉണ്ടെന്ന്‌ പരിഹസിച്ച്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഇന്നലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ രൂക്ഷമായ രാഷ്‌്രടീയ ആക്രമണം അഴിച്ചുവിട്ടു. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവിനുമെതിരേയാണ്‌ ഈ ഒളിയമ്പ്‌.
ആരുടെയും പേര്‌ നേരിട്ട്‌ പരാമര്‍ശിക്കാതെയായിരുന്നു യോഗിയുടെ വാക്കുകള്‍. 'രണ്ട്‌ നമൂണുകളില്‍(ഉദാഹരണങ്ങള്‍)' ഒരാള്‍ ഡല്‍ഹിയിലും മറ്റേയാള്‍ ലഖ്‌നൗവിലുമാണ്‌ താമസിക്കുന്നത്‌. രാജ്യത്ത്‌ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം ഇരുവരും അപ്രത്യക്ഷരാകാറുണ്ട്‌- യോഗി പറഞ്ഞു.
അതേസമയം, യോഗിയുടെ അഭിപ്രായങ്ങള്‍ ബി.ജെ.പിക്കുള്ളിലെ ഭിന്നതകളാണു തുറന്നുകാട്ടുന്നതെന്ന്‌ അഖിലേഷ്‌ യാദവ്‌ തിരിച്ചടിച്ചു. ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വവും ലക്‌നൗവിലെ സംസ്‌ഥാന ഘടകവും തമ്മിലുള്ള ആഭ്യന്തര പോരാട്ടമാണ്‌ ഈ പരാമര്‍ശം പ്രതിഫലിപ്പിക്കുന്നത്‌. ഡല്‍ഹി-ലഖ്‌നൗ അധികാര തര്‍ക്കം ഇത്ര പരസ്യമായത്‌ ആശ്‌ചര്യകരമാണെന്നും അഖിലേഷ്‌ തിരിച്ചടിച്ചു.
കൊഡീന്‍ അധിഷ്‌ഠിത ചുമ സിറപ്പിന്റെ നിയമവിരുദ്ധ വ്യാപാരത്തെക്കുറിച്ച്‌ സമാജ്‌വാദി പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ നിയമസഭയില്‍ മറുപടി നല്‍കുന്നതിനിടെയാണ്‌ മുഖ്യമന്ത്രി അഖിലേഷിനെയും രാഹുലിനെയും ഉന്നമിട്ടത്‌. വിവാദം വസ്‌തുതകളേക്കാള്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്ന്‌ യോഗി അഭിപ്രായപ്പെട്ടു.
അന്വേഷണം സമാജ്‌വാദി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകളുടെ പങ്കാളിത്തത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്നും കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പാര്‍ട്ടിയുടെ ലോഹിയ വാഹിനിയിലെ ഒരു ഭാരവാഹിയുടെ അക്കൗണ്ടിലൂടെയാണ്‌ നടന്നതെന്നും യു.പി. മുഖ്യമന്ത്രി ആരോപിച്ചു. സ്‌പെഷല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ ഈ വിഷയം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 23 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW