-->
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. സംഭവത്തില്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍. വിമാനമാണ് പറന്നുയര്‍ന്നതിനു പിന്നാലെ ഗുരുതരമായ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ത്തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ വലത് ഭാഗത്തെ എന്‍ജിന്‍ ആകാശത്തുവച്ച് ഓഫാവുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിവരം എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. സാങ്കേതികത്തകരാറിന്റെ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി.ജി.സി.എ. അറിയിച്ചു.