-->
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ: ഹുമയൂണ്‍ കബീര്‍ 'ജനതാ ഉന്നായന്‍ പാര്‍ട്ടി' (ജെ.യു.പി.) എന്ന പേരില്‍ പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി.
പാര്‍ട്ടിയുടെ പതാകയും ഇന്നലെ അനാച്‌ഛാദനം ചെയ്‌തു. അടുത്ത വര്‍ഷം പശ്‌ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു നീക്കം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നൂറിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നു കബീര്‍ പറഞ്ഞു. ഹുമയൂണ്‍ കബീറിനെ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കു സ്വാധീനമുള്ള മുര്‍ഷിദാബാദ് ജില്ലയിലെ ഭരത്‌പൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു കബീര്‍.
പല തവണ ടി.എം.സി. നേതൃത്വം താക്കീത് ചെയ്‌തിട്ടുള്ള ഹുമയൂണ്‍ കബീറിനെ ഈ മാസം ആദ്യമാണു സസ്‌പെന്‍ഡ് ചെയ്‌തത്. ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തില്‍ ബെല്‍ദംഗയില്‍ നടത്തിയ, നിര്‍ദിഷ്‌ട ബാബ്‌റി മസ്‌ജിദിന്റെ ശിലാസ്‌ഥാപന ചടങ്ങിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു സസ്‌പെന്‍ഷന്‍. അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബ്‌റി മസ്‌ജിദിന്റെ അതേ മാതൃകയില്‍ പള്ളി പണിയുമെന്നാണു ഹുമയൂണ്‍ കബീറിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരേയും മത്സരിക്കുമെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു.