-->
ലണ്ടന്‍: ഇം?ീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വെസ്‌റ്റ്ഹാം യുണൈറ്റഡിനെതിരേ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ സിറ്റി.
സ്വന്തം തട്ടകമായ എതിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍വേക്കാരന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളുകളടിച്ചു. റെയിന്‍ഡേഴ്‌സിന്റെ വകയായിരുന്നു ഒരു ഗോള്‍. പ്രീമിയര്‍ ലീഗ് സീസണില്‍ താരം ഇതുവരെ 19 ഗോളുകളടിച്ചു. 17 മത്സരങ്ങളില്‍ നിന്നാണു ഹാളണ്ട് 19 ഗോളുകളടിച്ചത്. ലീഗ് സീസണില്‍ ക്രിസ്‌മസിനു മുമ്പ് ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരവും ഹാളണ്ടാണ്. 2013-14 സീസണില്‍ ലിവര്‍പൂള്‍ താരമായിരുന്ന ലൂയിസ് സുവാരസ് നേടിയ 17 ഗോളുകളുടെ റെക്കോഡാണു ഹാളണ്ട് തകര്‍ത്തത്‌്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50, 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയെന്ന റെക്കോഡും ഹാളണ്ടിനു സ്വന്തമാണ്. ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ നേട്ടം മറികടക്കാന്‍ ഹാളണ്ടിനായി. ക്രിസ്‌റ്റ്യാനോ 236 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍നിന്ന് 103 ഗോളുകളടിച്ചു. ഹാളണ്ട് 114 മത്സരങ്ങളില്‍നിന്ന് 104 ഗോളുകളടിച്ചാണു ക്രിസ്‌റ്റ്യാനോയെ മറികടന്നത്. ഹാളണ്ട് ഇതുവരെ 20 അസിസ്‌റ്റ് കുറിച്ചു. 37 അസിസ്‌റ്റാണ് ക്രിസ്‌റ്റ്യാനോയ്‌ക്കുള്ളത്.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ചത് ഇം?ണ്ടിന്റെ മുന്‍ താരം അലന്‍ ഷിയററാണ്. 260 ഗോളുകളാണ് ഷിയറര്‍ അടിച്ചിട്ടത്‌്. 441 മത്സരങ്ങളിലായി 64 അസിസ്‌റ്റുകളും താരത്തിനുണ്ട്.
വെസ്‌റ്റ് ഹാമിനെതിരായ മത്സരത്തില്‍ സിറ്റിയുടെ പൂര്‍ണ ആധിപത്യമായിരുന്നു. പന്ത് കൈവശം വയ്‌ക്കുന്നതിലും പ്രത്യാക്രമണത്തിലും പാസിലുമെല്ലാം സിറ്റി മുന്നിട്ടുനിന്നു. 17 കളികളില്‍നിന്നു 37 പോയിന്റുമായി സിറ്റി രണ്ടാമതാണ്. ഒന്നാം സ്‌ഥാനത്തുള്ള ആഴ്‌സണല്‍ 17 മത്സരങ്ങളില്‍ 39 പോയിന്റ് നേടി. ചെല്‍സി ന്യൂകാസില്‍ യുണൈറ്റഡിനോട് 2-2 നു സമനില വഴങ്ങിയപ്പോള്‍ ബേണ്‍ലിയും ബോണ്‍മൗത്തും 1-1 നു സമനിലയില്‍ പിരിഞ്ഞു.
ലിവര്‍പൂള്‍ എവേ മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ 2-1 നു തോല്‍പ്പിച്ചു. ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനായി ആന്ദ്രെ ഇസാക്, എകിറ്റികെ എന്നിവര്‍ ഗോളടിച്ചു. കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കേ റിച്ചാര്‍ലിസണ്‍ ടോട്ടനത്തിനായി ഒരു ഗോളടിച്ചു. സിമോണ്‍സും സെര്‍ജിയോ റൊമേറോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ഒന്‍പത് പേരുമായാണു ടോട്ടനം കളി പൂര്‍ത്തിയാക്കിയത്.