-->
മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് ഒരു അവകാശി കൂടി. ഒരു കലണ്ടര്‍ വര്‍ഷം റയാല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന ക്രിസ്‌റ്റ്യാനോയുടെ റെക്കോഡിന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ കൂടി അവകാശിയായി. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ 2013 ല്‍ കുറിച്ച 59 ഗോളുകളെന്ന നേട്ടത്തിനാണ് എംബാപ്പെയും അവകാശിയായത്.
സെവിയയ്‌ക്കെതിരേ സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ ഗോളടിച്ചതോടെയാണ് എംബാപ്പെ ക്രിസ്‌റ്റ്യാനോയ്‌ക്കൊപ്പമെത്തിയത്. കളിയുടെ 86-ാം മിനിറ്റിലാണ് എംബാപ്പെ ഗോളടിച്ചത്. 38-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങാമിലൂടെയാണു റയാല്‍ മുന്നിലെത്തിയത്. റോഡ്രിഗോയുടെ ഫ്രീകിക്കിനെ ഹെഡ് ചെയ്‌താണു ജൂഡ് ഗോളടിച്ചത്. 68-ാം മിനിറ്റില്‍ മര്‍കാവോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ സെവിയ 10 പേരായി ചുരുങ്ങി. 18 കളികളില്‍നിന്നു 42 പോയിന്റ് നേടിയ റയാല്‍ മാഡ്രിഡ് രണ്ടാം സ്‌ഥാനത്തു തുടരുകയാണ്. 20 പോയിന്റുള്ള സെവിയ ഒന്‍പതാം സ്‌ഥാനത്താണ്.
ശനിയാഴ്‌ചയാണ് എംബാപ്പെയ്‌ക്ക് 27 വയസ് പൂര്‍ത്തിയായത്. ഇന്നലെ തന്നെ എംബാപ്പെ ക്രിസ്‌റ്റ്യാനോയെ മറികടക്കേണ്ടതായിരുന്നു. സെവിയ ഡിഫന്‍ഡര്‍ ജൂഡ് ബെല്ലിങാമിനെ വീഴ്‌ത്തിയതിനു പെനാല്‍റ്റി അനുവദിച്ചെങ്കിലും വാറില്‍ തള്ളിപ്പോയി. റയാലിന്റെ ഈ വര്‍ഷത്തെ അവസാന മത്സരമായിരുന്നു സെവിയയ്‌ക്കെതിരേ നടന്നത്. റയാല്‍ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തില്‍ അലാവസിനെ 2-1 നു തോല്‍പ്പിച്ചിരുന്നു.