-->
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാകിസ്‌താന്. ഐ.സി.സി. അക്കാദമിയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ 191 റണ്ണിനു തോല്‍പ്പിച്ചാണു പാകിസ്‌താന്‍ ജേതാക്കളായത്.
തോല്‍ക്കാതെ ഫൈനല്‍ വരെയെത്തിയ ഇന്ത്യ പടിക്കല്‍ കലമുടച്ച പ്രതീതിയായി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്‌താനെ അനായാസം തോല്‍പ്പിച്ചിരുന്നു. ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ് എംഹാത്രെ പാകിസ്‌താനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
കിട്ടിയ അവസരം പരമാവധി ഉപയോഗിച്ച പാകിസ്‌താന്‍ എട്ട് വിക്കറ്റിന് 347 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 27-ാം ഓവറില്‍ 156 റണ്ണിന് ഓള്‍ഔട്ടായി. വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശി (10 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 26), മറുനാടന്‍ മലയാളി ആരോണ്‍ ജോര്‍ജ് (ഒന്‍പത് പന്തില്‍ 16) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു.
നായകനും ഓപ്പണറുയ എംഹാത്രെ (ഏഴ് പന്തില്‍ രണ്ട്), വിഹാന്‍ മല്‍ഹോത്ര (ഏഴ്), വേദാന്ത് ത്രിവേദി (ഒന്‍പത്), ലോകകപ്പിനിടെ ഇരട്ട സെഞ്ചുറിയടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഗ്യാന്‍ കുണ്ടു (20 പന്തില്‍ 13) എന്നിവര്‍ നിരാശപ്പെടുത്തി. വാലറ്റക്കാരന്‍ ദീപേഷ് ദേവേന്ദ്രന്‍ (16 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 36) ടോപ് സ്‌കോററായി. പാകിസ്‌താനു വേണ്ടി അലി റാസ നാല് വിക്കറ്റും മുഹമ്മദ് സായം, അബ്‌ദുള്‍ സുഭാന്‍, ഹുസൈഫ അഹ്‌സാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ (113 പന്തില്‍ ഒന്‍പത് സിക്‌സറും 17 ഫോറുമടക്കം 172) വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്‌താനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
അഹമ്മദ് ഹുസൈന്‍ (72 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 56), ഉസ്‌മാന്‍ ഖാന്‍ (45 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 35) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തെങ്കിലും 10 ഓവറില്‍ 83 റണ്‍ വഴങ്ങി. അണ്ടര്‍ 19 യിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറാണ് സമീര്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് പാകിസ്‌താനെതിരേ 2012 ല്‍ കുറിച്ച 146 റണ്ണാണു വിസ്‌മൃതിയിലായത്.
യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറിനും സമീര്‍ ഉടമയായി. യൂത്ത് ഏകദിന ഫൈനലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറെന്ന നേട്ടവും സമീര്‍ മന്‍ഹാസ് കുറിച്ചു. ഒന്‍പത് സിക്‌സറുകളുമായി ഡി കോക്കിനെയാണു താരം മറികടന്നത്. 2012 ല്‍ നടന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ പാകിസ്‌താനെതിരേ ഡി കോക്ക് ആറ് സിക്‌സറുകളടിച്ചിരുന്നു.