-->
മാരുതിയുടെ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറായിട്ടാണ് മാരുതി സെലേറിയോ അറിയപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ എക്‌സ്-ഷോറൂം വില ഏകദേശം 4.70 ലക്ഷം മുതല്‍ 7.35 ലക്ഷം വരെയാണ്. മാരുതി സെലേറിയോ പെട്രോള്‍, CNG എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കും ബഡ്ജറ്റിനും അനുസരിച്ച് അനുയോജ്യമായ മോഡല്‍ തിരഞ്ഞെടുക്കാന്‍ ഇത് സഹായകമാണ്. സെലേറിയോയ്ക്ക് കരുത്ത് പകരുന്നത് 1.0 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 67 PS പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, AMT (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് ഈ വാഹനം എത്തുന്നത്.
പെട്രോള്‍ മോഡലില്‍ മികച്ച മൈലേജാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. എആര്‍എഐ (ARAI) സര്‍ട്ടിഫൈഡ് മൈലേജ് അനുസരിച്ച്, മാനുവല്‍ മോഡലിന് 25.24 kmpl-ഉം AGS മോഡലിന് 26.68 kmpl-ഉം ലഭിക്കും. അത് കൊണ്ട് തന്നെ ദിവസേനെയുളള യാത്രകള്‍ക്കും ഉപയോഗത്തിനും വാഹനം മികച്ച ഓപ്ഷനാണ്. CNG വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം വരുന്ന ഇതേ എഞ്ചിന്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച 34.43 km/kg മൈലേജാണ് നല്‍കുന്നത്. 32 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുള്ള പെട്രോള്‍ മോഡലിന് ഒരു തവണ നിറച്ചാല്‍ ഏകദേശം 800 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. 60 ലിറ്റര്‍ (വാട്ടര്‍ ഇക്വലന്റ്) CNG ടാങ്കില്‍ 7-8 കിലോഗ്രാം ഗ്യാസ് ഉള്‍ക്കൊള്ളും. ഇത് ഒരു തവണ നിറച്ചാല്‍ 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
Celerio VXi CNG (Bi-Fuel) മോഡല്‍ തിരഞ്ഞെടുക്കുമ്പോള്‍ പെട്രോള്‍, CNG ടാങ്കുകള്‍ സംയോജിപ്പിച്ച് 1000 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും. സെലേറിയോയില്‍ 7-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെ), സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയിസ് കമാന്‍ഡുകള്‍, ഓട്ടോ AC, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, 313 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവയുണ്ട്.
LED ഹെഡ്ലാമ്പുകള്‍, 15-ഇഞ്ച് അലോയ് വീലുകള്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും സെലേറിയോ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി 6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡ്), ABS യോടൊപ്പം EBD, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതിലുണ്ട്. കൂടാതെ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, HEARTECT പ്ലാറ്റ്ഫോം, 3-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍ തുടങ്ങിയ സവിശേഷതകളും ഈ വാഹനത്തിലുണ്ട്.