-->
മുംബൈ: അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് കളിക്കും. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. മുംബൈയിൽ ബിസിസിഐ ഹെഡ് ക്വാർട്ടേഴ്സിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകി, ചീഫ് സിലക്ടർ അജിത് അഗാര്‍ക്കർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ചേർന്നാണു ലോകകപ്പ് ടീമിനെ പ്രഖ്യപിച്ചത് .
ഏഷ്യാ കപ്പ് മുതല്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ മധ്യനിരയില്‍ ഫിനിഷറായി ബാറ്റ് ചെയ്തിരുന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ലോകകപ്പ് ടീമില്‍ ഇടമില്ല. മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാതിരുന്ന റിങ്കു സിംഗിനും ടീമിലിടം കിട്ടി.
പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തന്നെ ലോകകപ്പ് ടീമിലും തുടരും. വാഷിംഗ്ടണ്‍ സുന്ദര്‍ 15 അംഗ ടീമിലെത്തി . ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിലെത്തി. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.
അതേസമയം ട്വന്റി20 ഫോർമാറ്റിൽ ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാലാണ് ലോകകപ്പ് കളിക്കാത്തതെന്ന് അജിത് അഗാര്‍ക്കർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘‘കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിനു നഷ്ടമായിരുന്നു. അദ്ദേഹത്തിനു നഷ്ടമായിരുന്നു. അദ്ദേഹം മികവുള്ള താരം തന്നെയാണ്. ആരെങ്കിലും ടീമിൽനിന്നു പുറത്തിരുന്നേ തീരൂ. ഇന്ത്യൻ ടീമിൽ ഒരുപാട് ഓപ്ഷനുകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.’’– അഗാർക്കർ വ്യക്തമാക്കി. യുവതാരം ശസ്വി ജയ്സ്വാളിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിങ് , ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാൻ കിഷൻ.