-->
നിസാന്‍ പുത്തന്‍ മോഡലുകളുമായി 2026-ല്‍ കളംനിറയാന്‍ ഒരുങ്ങുകയാണ്. 2026 തുടക്കത്തില്‍ ജനുവരി മാസത്തില്‍ തന്നെ ഗ്രാവൈറ്റ് എന്ന പുത്തന്‍ 7-സീറ്റര്‍ എംപിവിയുമായി വരുന്ന ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫെബ്രുവരിയില്‍ പുത്തന്‍ മിഡ്-സൈസ് എസ്യുവിയും പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. മുമ്പ് പേര് വെളിപ്പെടുത്തിയ ടെക്റ്റണ്‍ (Nissan Tekton) എന്ന എസ്യുവിയാണ് ഫെബ്രുവരിയില്‍ എത്തുന്നത്. ടെറാനോയുടെ പകരക്കാരനായിട്ടാണ് ടെക്റ്റണ്‍ ഇന്ത്യയില്‍ എത്തുന്നത്. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള എസ്യുവി CMF-B ആര്‍ക്കിടെക്ചറിലാണ് നിര്‍മിക്കുന്നത്. എന്നാല്‍ യുണീക്കായുള്ള ഡിസൈനായിരിക്കും വാഹനത്തിനുണ്ടാവുക.
ടെക്ടണിന്റെ പുതിയ രേഖാചിത്രങ്ങള്‍ പട്രോള്‍ എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രില്‍, അലോയ് വീലുകള്‍, ലൈറ്റിംഗ് പാക്കേജ് തുടങ്ങിയ ഏറ്റവും പുതിയ നിസാന്‍ ഡിസൈന്‍ ഘടകങ്ങളും രേഖാചിത്രങ്ങളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. മുന്‍വശത്ത് വീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലും നിസാന്‍ ലോഗോയും പ്രത്യേക ഐശ്വര്യവും സമ്മാനിക്കുന്നുണ്ട്. ലംബമായി അടുക്കിവെച്ചിരിക്കുന്ന എല്‍ഇഡി ക്ലസ്റ്ററുകളുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണവും പരുക്കന്‍ ഫ്രണ്ട് ബമ്പറും ടെക്റ്റണിന്റെ എസ്യുവി ആകര്‍ഷണം പൂര്‍ണമാക്കുന്നു.
പിന്‍ഭാഗത്ത് നിസാന്റെ ഗ്ലോബല്‍ മോഡലുകളില്‍ കാണുന്ന സ്‌റ്റൈല്‍ പോലെ കണക്റ്റഡ് എല്‍ഇഡി ടെയില്‍-ലൈറ്റ് ബാറും ചതുരാകൃതിയിലുള്ള ടെയില്‍ ലാമ്പുകളും ടെക്റ്റണ്‍ എസ്യുവിയുടെ സവിശേഷതയാണ്. റിയര്‍ സ്പോയിലറും വലിയ അലോയ് വീലുകളും ഇതിന് ഒരു ഡൈനാമിക്, പ്രീമിയം എസ്യുവി ലുക്ക് സമ്മാനിക്കുന്നുമുണ്ട്. പുറംമോടി പോലെ തന്നെ അകത്തളവും പ്രീമിയമായിരിക്കും. ആംബിയന്റ് ലൈറ്റിംഗും ബ്രഷ്ഡ് മെറ്റലില്‍ പൂര്‍ത്തിയാക്കിയ ഫുള്‍-വിഡ്ത്ത് ട്രിം ഇന്‍സേര്‍ട്ടും ഉള്ള ഒരു സ്ലീക്ക്, ലെയേര്‍ഡ് ഡാഷ്ബോര്‍ഡ് ഡിസൈനായിരിക്കും വാഹനത്തിലുണ്ടാവുക.
വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് സീറ്റുകള്‍, 360 ക്യാമറ, ADAS സ്യൂട്ട്, പ്രീമിയം അപ്‌ഹോള്‍സ്റ്ററി എന്നിവ നിസാന്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെട്രോള്‍, ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.