-->
നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി ടാറ്റ മോട്ടോര്‍സ് ഇപ്പോഴിതാ പെട്രോള്‍, ഇലക്ട്രിക് വാഹന നിരയിലുടനീളം പ്രത്യേക ഇഎംഐ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ മാസത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ ടിയാഗോ, പഞ്ച് തുടങ്ങിയ ചെറുകാറുകളില്‍ പോലും ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലും ഫിനാന്‍സിംഗ് ഓപ്ഷനും അനുസരിച്ച് 4,999 രൂപ മുതലുള്ള ഇഎംഐയില്‍ കാറുകള്‍ സ്വന്തമാക്കാം.
പഞ്ച് മൈക്രോ എസ്യുവി പ്രതിമാസം 5,999 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐകളിലാണ് വാങ്ങാനാവുക. മാസത്തവണ കണക്കുകള്‍ ഒരു പ്രത്യേക ലോണ്‍ തുകയെയും ബലൂണ്‍ സ്‌കീം ഓപ്ഷനുകളെയും 84 മാസത്തെ തിരിച്ചടവ് കാലയളവിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും പത്രക്കുറിപ്പിലൂടെ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തുകയും മൊത്തം ഓണ്‍-റോഡ് വിലയും അനുസരിച്ച് ഇഎംഐ തുകകള്‍ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. ഒരു ചെറിയ ഫാമിലിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ കഴിയുന്ന പഞ്ച് ടാറ്റ മോട്ടോര്‍സിന്റെ ടോപ്പ് സെല്ലിംഗ് മോഡലുകളില്‍ ഒന്ന് കൂടിയാണ്. 35 ഓളം വ്യത്യസ്തമാര്‍ന്ന വേരിയന്റുകളില്‍ വിപണനത്തിന് എത്തുന്ന മോഡലിന് ഇപ്പോള്‍ 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇക്കൂടെ കുറഞ്ഞ ഇഎംഐ ഓപ്ഷന്‍ കൂടി ലഭിച്ചാല്‍ പരിമിതമായ ബജറ്റില്‍ ഉള്ളവര്‍ക്ക് വാങ്ങാന്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.
പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് വന്നാല്‍ 86 bhp പവറില്‍ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ മൈക്രോ എസ്യുവി. തരക്കേടില്ലാത്ത ഇന്ധനക്ഷമതയുള്ളതാനില്‍ പോക്കറ്റ് കീറാതെ കൊണ്ടുനടക്കാനുമാവും. പെട്രോള്‍ മാനുവലില്‍ 18.82 കിലോമീറ്റര്‍ മൈലേജും എഎംടിയില്‍ 18.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ടാറ്റ പറയുന്നത്. ഇനി മൈലേജ് കൂടുതല്‍ വേണ്ടവര്‍ക്ക് സിഎന്‍ജി ബൈ-ഫ്യുവല്‍ സംവിധാനവും ടാറ്റ പഞ്ചില്‍ തെരഞ്ഞെടുക്കാനാവും. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ ഓടുമ്പോള്‍ പെര്‍ഫോമന്‍സ് കുറവാണെങ്കിലും പഞ്ച് സിഎന്‍ജിക്ക് 26.99 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാനാവും. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ് പോലുള്ള ആധുനിക സംവിധാനങ്ങളെല്ലാം പഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.