Thursday, March 12, 2026 Last Updated 59 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.45 AM

വി.ഐടി. ചെന്നൈയില്‍ പരിസ്‌ഥിതി സെമിനാര്‍

ചെന്നൈ: രാജ്യാന്തര നിയമത്തിന്റെ പരിധിയില്‍ പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതില്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന്‌ രാജ്യാന്തര നീതിന്യായ കോടതി ജഡ്‌ജി ലിയനാര്‍ഡോ നെമര്‍ കാല്‍ഡെയ്‌റ ബ്രാന്റ്‌ അഭിപ്രായപ്പെട്ടു.
ഭാവിക്കായി പരിസ്‌ഥിതിയെ സംരക്ഷിക്കാന്‍ മൂര്‍ത്തമായ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഐ.ടി. ചെന്നൈയില്‍ നടന്ന രാജ്യാന്തര നിയമത്തിന്‌ കീഴിലുള്ള പരിസ്‌ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിന്റെ സമാപനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്‌ഥിതിക്ക്‌ നാശനഷ്‌ടമുണ്ടാക്കുന്നതില്‍നിന്ന്‌ രാജ്യങ്ങളെ തടയാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുക എന്നത്‌ ഐ.സി.ജെയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌. കാലാവസ്‌ഥാ സംവിധാനത്തിന്‌ ദോഷമുണ്ടാക്കുന്നത്‌ തടയാന്‍ ഓരോ രാജ്യവും വേണ്ടത്ര ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.
രാജ്യാന്തര പരിസ്‌ഥിതി നിയമത്തിന്റെ ചരിത്രവും വളര്‍ച്ചയും, കാലാവസ്‌ഥാ വ്യതിയാന നിയമങ്ങള്‍, ഐ.സി.ജെയുടെ പങ്ക്‌ എന്നിവയെക്കുറിച്ച്‌ വിശദീകരിച്ച ബ്രാന്റ്‌, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, പരിസ്‌ഥിതി നാശം, സമുദ്ര-വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലുണ്ടായ രാജ്യാന്തര തര്‍ക്കങ്ങളും ഉദ്ധരിച്ചു. വി.ഐ.ടി. വൈസ്‌ പ്രസിഡന്റ്‌ ഡോ. ജി.വി. സെല്‍വം അധ്യക്ഷത വഹിച്ചു.
നാളത്തെ ലോകത്തിനും ഭാവി തലമുറയ്‌ക്കും വേണ്ടി ഈ ഗ്രഹത്തെ സംരക്ഷിക്കുന്നതിന്‌ പരിസ്‌ഥിതി സംരക്ഷണവും നിയമം പാലിക്കലും നിര്‍ണായകമാണെന്ന്‌ ഡോ. സെല്‍വം പറഞ്ഞു.
പരിസ്‌ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്വം ഓരോ വിദ്യാര്‍ഥിയുടെയും കടമയായിരിക്കണം എന്ന്‌ വി.ഐ.ടി. ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രാസ്‌ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ ആര്‍. സുരേഷ്‌ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്‌ഥിതി സംരക്ഷണത്തിനായി മാത്രമായി ഒരു രാജ്യാന്തര കോടതി സ്‌ഥാപിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.വി.ഐ.ടി. ചെന്നൈ പ്രോ വൈസ്‌ ചാന്‍സലര്‍ പ്രഫ. ടി. ത്യാഗരാജന്‍, വി.ഐ.ടി. സ്‌കൂള്‍ ഓഫ്‌ ലോ ഡീന്‍ പ്രഫ. ഡോ. സി. റബ്ബിരാജ്‌ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Saturday 20 Dec 2025 10.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW