Saturday, March 14, 2026 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.41 AM

ആറില്‍ തൊട്ട്‌ പി.എസ്‌.ജി.

uploads/news/2025/12/816922/3.jpg

ദോഹ: ബ്രസീല്‍ ക്ലബ്‌ ഫ്‌ളാമെംഗോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ (2-1) ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്‌ ഫുട്‌ബോള്‍ കിരീടം നേടി.
അഹമ്മദ്‌ ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മുഴുവന്‍ സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 നു തുല്യമായതോടെയാണു ഷൂട്ടൗട്ട്‌ വേണ്ടി വന്നത്‌. പി.എസ്‌.ജിക്കായി ക്വിവിച ക്വാരതും ഫ്‌ളെമെംഗോയ്‌ക്കായി യോര്‍ഗെ ലൂയിസ്‌ ഫ്രെല്ലും ഗോളടിച്ചു. ഷൂട്ടൗട്ടില്‍ സൗള്‍ നിഗേസ്‌, പെഡ്രോ ഗുല്‍ഹര്‍, ലിയനാഡോ പെരേര, ലൂയിസ്‌ അരാഹുവോ എന്നിവരുടെ സ്‌പോട്ട്‌ കിക്കുകള്‍ ഗോള്‍ കീപ്പര്‍ മാറ്റ്‌വേ സാഫോനോവ്‌ തടുത്തിട്ടു. ഡീഗോ നികോളാസിന്റെ കിക്ക്‌ മാത്രമാണു വലയില്‍ കയറിയത്‌. പി.എസ്‌.ജിയുടെ മസൂര്‍ ഒസം, ബ്രാഡ്‌ലി ജീന്‍ എന്നിവരുടെ കിക്കുകള്‍ പാഴായിരുന്നു. വിടോര്‍ മചാഡോ, നൂനോ അലക്‌സാണ്ടര്‍ എന്നിവര്‍ക്കു ലക്ഷ്യം കാണാനായി.
കളിയുടെ ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ക്വിവിച ക്വാരത്‌ പി.എസ്‌.ജിക്കായി ഗോളടിച്ചു. 62-ാം മിനിറ്റില്‍ യോര്‍ഗെ ലൂയിസ്‌ പെനാല്‍റ്റി ഗോളാക്കി ബ്രസീല്‍ ക്ലബിനെ ഒപ്പമെത്തിച്ചു. ആദ്യമായാണ്‌ പി.എസ്‌.ജിയുടെ ഒരു ഗോള്‍ കീപ്പര്‍ ഷൂട്ടൗട്ടില്‍ നാല്‌ കിക്കുകള്‍ തടുക്കുന്നത്‌. ഈ വര്‍ഷം ഫ്രഞ്ച്‌ ക്ലബ്‌ നേടുന്ന ആറാമത്തെ കിരീടമാണിത്‌. ഫ്രഞ്ച്‌ ലീഗ്‌ വണ്‍, കോപാ ഡി ഫ്രാന്‍സ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടങ്ങളും ട്രോഫീ ഡസ്‌ ചാമ്പ്യന്‍സ്‌, യുവേഫ സൂപ്പര്‍ എന്നീ കിരീടങ്ങളുമാണ്‌ ലൂയിസ്‌ എന്റികെ്വയുടെ ശിഷ്യന്‍മാര്‍ നേടിയത്‌.
26 വയസുകാരനായ മാറ്റ്‌വേ സാഫോനോവ്‌ റഷ്യക്കാരനാണ്‌്. മത്സരത്തിനിടെ പരുക്കേറ്റ ഇടതു കൈയുമായാണു സാഫോനോവ്‌ ഷൂട്ടൗട്ടിനെ നേരിട്ടത്‌. മത്സരത്തിനു ശേഷം നടത്തിയ വൈദ്യ പരിശോധനയില്‍ കൈയ്‌ക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. ഡോക്‌ടര്‍മാര്‍ താരത്തിന്‌ ആഴ്‌ചകളുടെ വിശ്രമം നിര്‍ദേശിച്ചു. ബാക്ക്‌ അപ്പ്‌ ഗോള്‍ കീപ്പറായിരുന്ന മാറ്റ്‌വേ സാഫോനോവ്‌ ഒന്നാം നമ്പര്‍ ലൂകാസ്‌ ഷെവലിയാര്‍ നിറം മങ്ങിയതോടെയാണു കളത്തിലിറങ്ങിയത്‌.

Ads by Google
Saturday 20 Dec 2025 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW