-->
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ രണ്ടില്‍ തൃശൂര്‍ മാജിക് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. ചാമ്പ്യന്മാരായി. കണ്ണൂര്‍ ജവാഹര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുമ്പിലാണു ഫൈനല്‍ നടന്നത്‌്.
വാരിയേഴ്‌സിനായി 18-ാം മിനിറ്റില്‍ അസര്‍ ഗോമസ് അല്‍വാരിസാണ് ഗോളടിച്ചത്. കിക്കോഫ് കഴിഞ്ഞ ഉടനെ ലഭിച്ച പന്ത് തൃശൂരിന്റെ മുന്നേറ്റ താരം മാര്‍ക്യൂസ് ലെറിക് കണ്ണൂരിന്റെ പോസ്‌റ്റ് ലക്ഷ്യമാക്കിയെടുത്ത കിക്ക് അരുകിലെ വലയില്‍ തട്ടിചിതറി. നാലാം മിനിറ്റില്‍ കണ്ണൂര്‍ മുന്നേറ്റ താരം മുഹമ്മദ് സിനാന്റെ കിക്ക് തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദീന്‍ തട്ടിയകറ്റി. പിന്നീട് തുടര്‍ച്ചയായി കണ്ണൂരിന്റെ മുന്നേറ്റം.
ഗോളാകുമെന്ന് ഉറപ്പിച്ച ചില നീക്കങ്ങള്‍ തൃശൂരിന്റെ പ്രതിരോധതാരങ്ങളും ഗോള്‍ കീപ്പര്‍ കമാലും വിഫലമാക്കി. 15-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വാരിയേഴ്‌സിനെ മുന്നിലെത്തിച്ചു. അസര്‍ ഗോമസ് അല്‍വാരിസ് പോസ്‌റ്റിലേക്ക് തൊടുത്ത പന്ത് ക്ലിയര്‍ ചെയ്ുയന്നതിനിടെ പ്രതിരോധ താരം തേജസ് കൃഷ്‌ണയുടെ കൈയില്‍ തട്ടിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. അല്‍വാരിസിന്റെ കിക്ക് തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദ്ദീനെ മറികടന്ന് വലയില്‍. ഒരു ഗോള്‍ വഴങ്ങിയതോടെ തൃശൂര്‍ സമനിലക്കായി മുന്നേറി. കണ്ണൂരിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ പക്ഷേ തൃശൂരിനായില്ല. രണ്ടാം പകുതിയിലേക്ക് നീങ്ങിയപ്പോഴും തൃശൂരും കണ്ണൂരും ഗോളിനായി വിയര്‍പ്പൊഴുക്കി. 68-ാം മിനിറ്റില്‍ തൃശൂര്‍ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പക്ഷേ ഫൈനല്‍ വിസില്‍ മുഴങ്ങുന്നത് വരെ കണ്ണൂരിന്റെ വല കുലുങ്ങിയില്ല. ഫൈനലിന് മുമ്പ് വ്യത്യസ്‌തമായ കലാപരിപാടികള്‍ അരങ്ങേറി. ഗായകനും രചയിതാവുമായ അറിവ് നയിച്ച മിഡ്‌ടൈം ഷോ സംഗീത വിരുന്നായി. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി സഹ ഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്.സി. സഹ ഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍ എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ഫൈനല്‍ കാണാനെത്തി.