-->
തൊടുപുഴ: വയോധികയെ ചുട്ടുകൊന്ന കേസില്‍ സഹോദരി പുത്രന് ജീവപര്യന്തം തടവ്. മുട്ടം തോട്ടുങ്കര ഊളാനിയില്‍ സരോജിനിയെ (72) കൊലപ്പെടുത്തിയ കേസിലാണ് സഹോദരി പുത്രന്‍ വെള്ളത്തൂവല്‍ വരകില്‍ സുനില്‍കുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
പിഴ അടയ്‌ക്കാത്തപക്ഷം 3 വര്‍ഷം കഠിന തടവും 10 വര്‍ഷം തടവും 25000 രൂപ പിഴയും പിഴ അടയ്‌ക്കാത്തപക്ഷം 18 മാസം കഠിനതടവും അഡിഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി ജഡ്‌ജ് എസ്.എസ് സീന ശിക്ഷ വിധിച്ചു. മുട്ടം സ്വദേശിനിയായ സരോജിനിയെ 2021 മാര്‍ച്ച് 31ന് പുലര്‍ച്ചെ സഹോദരിപുത്രന്‍ സുനില്‍കുമാര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തനിച്ചു തമാസിക്കുകയായിരുന്ന സരോജിനിക്ക് കൂട്ടിനെത്തിയതായിരുന്നു സുനില്‍കുമാര്‍. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മരണം കൊലപാതകം അല്ലെന്ന് വരുത്തിതീര്‍ക്കാന്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു.
അടുപ്പില്‍ നിന്ന് തീയാളി റബര്‍ ഷീറ്റ് കത്തിയാണ് അപകടമുണ്ടായതെന്നാണ് സുനില്‍കുമാര്‍ ആദ്യം പോലീസിന് മൊഴിനല്‍കിയത്. പിന്നീട് അന്വേഷണത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നും സുനില്‍കുമാര്‍ പെട്രോള്‍ വാങ്ങിയതായി കണ്ടെത്തി. ശാസ്‌ത്രീയ പരിശോധയെത്തുടര്‍ന്ന് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.