-->
വിവാഹവേദികളിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ഇതിനകം വീഡിയോ കണ്ടത് 9 കോടി 45 ലക്ഷം പേരാണ്. വിഷ്വല്‍ ആര്‍ട്ടിസ്ട്രിയുടെ സ്ഥാപകന്‍ ശിവം കപാഡിയ എന്ന ഫോട്ടോഗ്രാഫറാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ വിവാഹ വേദിയില്‍ നില്‍ക്കുന്ന വരന്റെ അരികിലേക്ക് വധു നടന്ന് വരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വിവാഹ വേദിയിലേക്ക് നീണ്ട വാക്വേയിലൂടെ ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് വധു പതുക്കെ ശ്രദ്ധയോടെ നടന്നു വരുന്നു. ഈ സമയം പല ഭാഗത്ത് ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ മികവുറ്റ ദൃശ്യങ്ങള്‍ക്കായി സ്ഥാനം മാറുന്നതും കാണാം. രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ വധുവിന്റെ പിന്നിലേക്ക് നീങ്ങുന്നു. ഇതിനായി താഴെ നിന്നും അവര്‍ വാക്‌വേയിലേക്ക് ഓടി കയറുന്നു.
ആദ്യത്തെ ആള്‍ വളരെ വിദഗ്ദമായി വധുവിന്റെ പിന്നില്‍ നിലയുറപ്പിക്കുമെങ്കിലും രണ്ടാമത് ഓടിയെത്തിയ ഫോട്ടോഗ്രാഫര്‍ നിലതെറ്റി പുറമടിച്ച് താഴെ വീഴുന്നു. അദ്ദേഹത്തിന്റെ കൈയിലിരുന്ന കാമറ ഈ സമയം തെറിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 'അവളരുടെ വരവ് സ്മൂത്തായിരുന്നു എന്റേത് അല്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീണെങ്കിലും കാമറാമാന്‍ പെട്ടെന്ന് തന്നെ എഴുന്നേല്‍ക്കുകയും തന്റെ ജോലി പുനരാരംഭിക്കുകയും ചെയ്തു.
വീഡിയോയ്ക്ക് താഴെ മലയാളികളടക്കം നിരവധി ആളുകള്‍ കമന്റുകളുമായെത്തി. കാമറാമാന്‍ വീഡിയോ തൂക്കിയെന്നും ചിലരെഴുതി. ചിലര്‍ കാമറയ്ക്ക് എന്തെങ്കിലും പറ്റിയോയെന്ന് ആശങ്കപ്പെട്ടു. അപ്പോഴും നിലതെറ്റി താഴെ വീണിട്ടും പെട്ടെന്ന് തന്നെ തന്റെ ജോലിയില്‍ കര്‍മ്മനിരതനായ കാമറാമാനെ ചിലര്‍ അഭിനന്ദിച്ചു.