-->
എന്ത് വലിയ പ്രശ്‌നമുണ്ടായാലും സത്യസന്ധമായി കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളുടെ സമൂഹത്തിന് ഏറെ ഇഷ്ടമാണ്. എങ്കിലും ജോലി മേഖയിലെ കാര്യങ്ങള്‍ എടുത്താല്‍ അവധി കിട്ടാന്‍ പാടുപെടുന്നതുകൊണ്ട് പലരും കള്ളം പറഞ്ഞായിരിക്കും അവധിക്ക് അപേക്ഷിക്കുക. എന്നാല്‍ ഇവിടെ ഇതാ സത്യസന്ധമായി ഒരു ജീവനക്കാരന്‍ നല്‍കിയ അവധി അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ കാമുകിക്കൊപ്പം സമയം ചെലവഴിക്കാനായി അവധി വേണമെന്നാണ് അപേക്ഷയില്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടത്.
എസ്ടിഐഎം ഓറല്‍ കെയര്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ വിരെന്‍ ഖുള്ളര്‍ ആണ് വൈറല്‍ അവധി അപേക്ഷ ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചത്. അടുത്തിടെ തനിക്ക് ലഭിച്ച അവധി അപേക്ഷയാണ് ഇതെന്ന് പറഞ്ഞാണ് അദ്ദേഹം ഇമെയില്‍ സന്ദേശത്തിന്റെ്‌റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. 'ഹായ് സാര്‍, എനിക്ക് ഡിസംബര്‍ 16ന് അവധി വേണമെന്ന് അപേക്ഷിക്കുന്നു. എന്റെ കാമുകി 17ാം തിയ്യതി ഉത്തരാഖണ്ഡിലെ അവളുടെ വീട്ടിലേക്ക് പോകുകയാണ്. ജനുവരിയില്‍ മാത്രമേ അവള്‍ തിരികെ വരൂ. അതിനാല്‍ അവള്‍ പോകുന്നതിന് മുമ്പുള്ള ദിവസം അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ഇതാണ് ജീവനക്കാരന്‍ അയച്ച അവധി അപേക്ഷയുടെ ഉള്ളടക്കം.
'ഒരു ദശകം മുമ്പായിരുന്നെങ്കില്‍ ഇത് രാവിലെ 09:15ന് പൊടുന്നനെയെത്തുന്ന 'സിക്ക് ലീവ്' സന്ദേശമായിട്ടായിരുന്നു വരിക. ഇന്ന് ഇത് വളരെ നേരത്തേ അയച്ച സുതാര്യമായ അപേക്ഷയാണ്. കാലം മാറുകയാണ്. സത്യസന്ധയമായി പറയട്ടെ, എനിക്ക് ഇതാണ് കൂടുതല്‍ ഇഷ്ടമായത്. പ്രണയത്തോട് മുഖം തിരിക്കാന്‍ നമുക്ക് കഴിയില്ല, അവധി അംഗീകരിച്ചു' ഇതാണ് വിരെന്‍ ഖുള്ളര്‍ പോസ്റ്റില്‍ കുറിച്ചത്.