-->
ഇന്ത്യക്കാരുടെ പുണ്യജലമാണ് ഗംഗാജലം. ഹിന്ദുമതാചരങ്ങള്‍ക്ക് ഗംഗാജലം വളരെ ആവശ്യമായ ഘടകമാണ്. പ്രാര്‍ത്ഥനകള്‍ക്ക് മുതല്‍ മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വരെ ഗംഗാജലം ഉപയോഗിക്കാറുണ്ട്. കാലങ്ങളായ പാപങ്ങള്‍ പോലും ഗംഗയില്‍ കഴുകിക്കളയാമെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ബനാറസ്, ഹരിദ്വാര്‍ തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് ദിവസവും യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.
കാലം മാറിയതോടെ പല കടകളിലും ഗംഗാജലം കുപ്പിയിലും ലഭ്യമായിത്തുടങ്ങി. എന്നാല്‍ ഇപ്പോഴിതാ പുതിയ ഒരു രീതിയില്‍ വിപണിയിലെത്തിയ ഗംഗാജലമാണ് ഹിറ്റായിരിക്കുന്നത്. ഗംഗാജലം ചേര്‍ത്ത വെറ്റ് വൈപ്പുകളാണ് വിപണിയില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ' ഹരി ദര്‍ശന്‍' എന്ന ബ്രാന്‍ഡാണ് 'ഗംഗാജല്‍ വൈപ്പുകള്‍' പുറത്തിറക്കിയത്. ഈ വൈപ്പുകള്‍ ഉപയോഗിച്ച് ശരീരം തുടയ്ക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങളും പോകുന്നതായി പലരും അവകാശപ്പെടുന്നു. 30 വൈപ്പുകള്‍ അടങ്ങിയ ഒരു പാക്കറ്റിന് ഏകദേശം 100 രൂപയാണ് വില. കടകളില്‍ നിന്നും ഓണ്‍ലൈനിലൂടെയും ഈ വൈപ്പുകള്‍ വാങ്ങാന്‍ കഴിയും.
ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. പലരും തമാശ രൂപത്തിലാണ് ഇതിനെ കാണുന്നത്. 'ഈ വൈപ്പുകള്‍ വലിച്ചെറിയാതെ വെള്‌ലത്തില്‍ മുക്കിവയ്ക്കുന്നതാണ് നല്ലത്', ' ഈ വൈപ്പുകളില്‍ ഉപയോഗിക്കുന്ന ഗംഗാജലം ഗംഗോത്രിയില്‍ നിന്നാണോ അതോ ബനാറസില്‍ നിന്നാണോ എടുത്തത്?', 'ഈശ്വരാ ഇനി എന്തൊക്കെ കാണണം'ഇങ്ങനെ പോകുന്നു കമന്റുകള്‍. പലരും ഇതിന്റെ ആധികാരികതയെയും സംശയിക്കുന്നുണ്ട്.