-->
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നായ ഇനമാണ് ഗോള്‍ഡന്‍ റിട്രീവര്‍. ഇപ്പോഴിതാ അര്‍ജന്റീന തലസ്ഥാനം ബ്യൂനസ് ഐറിസില്‍ 2,400 ഗോള്‍ഡന്‍ റിട്രീവറുകളും അവയുടെ ഉടമകളും ഒത്തുചേര്‍ന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ ഇനത്തില്‍പ്പെട്ട നായ്ക്കളുടെ ലോകത്തിലെ ഏറ്റവും വലിയ സംഗമമാണിത്. പ്രശസ്തമായ ബോസ്‌ക്വെസ് ഡി പലേര്‍മോ പാര്‍ക്കിലായിരുന്നു ഈ റാലി. കാനഡയിലെ വാന്‍കൂവറില്‍ സ്ഥാപിച്ച 1,685 ഗോള്‍ഡന്‍ റിട്രീവര്‍ നായ്ക്കളുടെ റാലിയുടെ അനൗദ്യോഗിക റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.
സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോള്‍ഡന്‍ റിട്രീവര്‍ ഉടമകള്‍ തങ്ങളുടെ ഓമനകളുമായി പാര്‍ക്കിലെത്തി. ഓരോ നായയെയും കൃത്യമായി റജിസ്റ്റര്‍ ചെയ്യുന്നതിനായി വൊളന്റിയര്‍മാരെ പാര്‍ക്കിന്റെ പല ഭാഗങ്ങളിലായി വിന്യസിച്ചിരുന്നു. സൗമ്യവും സൗഹൃദപരവുമായ സ്വഭാവത്തിന് പേരുകേട്ട ഗോള്‍ഡന്‍ റിട്രീവറുകള്‍ ഉടമകളുടെ മേല്‍നോട്ടത്തില്‍ പാര്‍ക്കിലൂടെ സ്വതന്ത്രമായി വിഹരിച്ചു. ഇത്രയും വലിയൊരു ഒത്തുചേരലായിരുന്നിട്ടും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല നായ്ക്കളും സ്‌കാര്‍ഫുകളും ബാന്‍ഡനകളും തൊപ്പികളുമടക്കമുള്ള അലങ്കാരങ്ങള്‍ ധരിച്ചിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്‌കോട്‌ലന്‍ഡിലാണ് ഗോള്‍ഡന്‍ റിട്രീവറിന്റെ ഉത്ഭവം. വെടിവച്ചിട്ട പക്ഷികളെയും മറ്റും വേട്ടസ്ഥലത്തുനിന്ന് വീണ്ടെടുക്കാന്‍ കഴിവുള്ള ഒരിനം നായയെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ ഡഡ്‌ലി മാര്‍ജോറിബാങ്ക്‌സാണ് ഇതിന് രൂപം നല്‍കിയത്. ഇപ്പോള്‍ വംശനാശം സംഭവിച്ച ട്വീഡ് വാട്ടര്‍ സ്പാനിയല്‍, ഐറിഷ് സെറ്റര്‍, ബ്ലഡ്ഹൗണ്ട് തുടങ്ങിയ വിവിധ ഇനങ്ങളുടെ സങ്കരമായാണ് ഗോള്‍ഡന്‍ റിട്രീവറുകള്‍ പിറന്നത്. സൗമ്യമായ സ്വഭാവവും വൈവിധ്യമാര്‍ന്ന കഴിവുകളും കാരണം ഏറ്റവും മികച്ച കുടുംബ വളര്‍ത്തുമൃഗങ്ങളില്‍ ഒന്നായി ഇവയെ കണക്കാക്കുന്നു.
ഇടത്തരം വലുപ്പമുള്ള ശരീരവും കരുത്തുറ്റ ഘടനയുമാണ് ഇവയുടേത്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത സ്വര്‍ണനിറത്തിലുള്ള ഇടതൂര്‍ന്ന, വെള്ളം പറ്റിപ്പിടിക്കാത്ത ഇരട്ടപ്പാളികളുള്ള രോമക്കുപ്പായമാണ്. ബുദ്ധിശക്തി, ഉടമയെ സന്തോഷിപ്പിക്കാനുള്ള താല്‍പര്യം, സ്‌നേഹസമ്പന്നമായ പെരുമാറ്റം എന്നിവയ്ക്ക് പേരുകേട്ടവരാണ് ഗോള്‍ഡന്‍ റിട്രീവറുകള്‍. ഇക്കാരണങ്ങളാല്‍ ഇവ മികച്ച കൂട്ടാളികളും എളുപ്പത്തില്‍ പരിശീലിപ്പിക്കാവുന്നവരുമാണ്. മത്സരങ്ങളിലും മറ്റ് കായിക വിനോദങ്ങളിലും തെറപ്പി രംഗത്തും ഇവ മികവ് പുലര്‍ത്താറുണ്ട്. കുട്ടികളോടുള്ള ക്ഷമയും കളിക്കാനുള്ള ഇഷ്ടവും പ്രത്യേകതകളാണ്.
Came to Buenos Aires for @EFDevcon ended up witnessing the world's largest Golden Retriever gathering around 2,400 goldens in one place. Absolutely surreal. pic.twitter.com/EiFTvbKPTz— Prajal Sharma 📍Buenos Aires (@0xPrajal) December 11, 2025