-->
പുനെ: സയിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡിന് കന്നിക്കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ ഹരിയാനയെ 69 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഝാര്‍ഖണ്ഡ് മൂന്ന് വിക്കറ്റിന് 262 റണ്ണെടുത്തു. നായകനും ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ (49 പന്തില്‍ 10 സിക്‌സറും ആറ് ഫോറുമടക്കം 101) സെഞ്ചുറിയുമായി തിളങ്ങിയതോടെയാണ് അവര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.
കുമാര്‍ കുശാഗ്ര (38 പന്തില്‍ അഞ്ച് സിക്‌സറും എട്ട് ഫോറുമടക്കം 81) അര്‍ധ സെഞ്ചുറിയുമായും തിളങ്ങി. അന്‍കുല്‍ റോയ് (20 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 40), റോബിന്‍ മിന്‍സ് (14 പന്തില്‍ മൂന്ന് സിക്‌സറടക്കം 31) എന്നിവര്‍ പുറത്താകാതെനിന്നു. 263 റണ്ണെടുക്കാനിറങ്ങിയ ഹരിയാന 193 റണ്ണിന് ഓള്‍ഔട്ടായി. യഷ്‌വര്‍ധന്‍ ദലാല്‍ (22 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 53), സാമന്ത് ജാഖര്‍ (17 പന്തില്‍ നാല് സിക്‌സറടക്കം 38), നിഷാന്ത് സിന്ധു (15 പന്തില്‍ 31) എന്നിവര്‍ മാത്രമാണു ചെറുത്തത്. നായകനും ഓപ്പണറുമായ അങ്കിത് കുമാര്‍ (0), ആശിഷ് സിവാച് (0) എന്നിവര്‍ വികാഷ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പുറത്തായി. ഝാര്‍ഖണ്ഡിനായി സുസാന്ത് മിശ്രയും ബാല്‍ കൃഷ്‌ണയും മൂന്ന് വിക്കറ്റ് വീതവും വികാഷ്, അന്‍കുല്‍ റോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു.
ഝാര്‍ഖണ്ഡിനായി ഓപ്പണര്‍ വിരാട് സിങ് രണ്ട് റണ്ണെടുത്തു പുറത്തായെങ്കിലും ഇഷാന്‍ കിഷനും കുമാര്‍ കുശാഗ്രയും തകര്‍ത്തടിച്ചു. ഇഷാന്‍ 24 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. പത്തോവറില്‍ 113 റണ്ണിലെത്തിയ ഝാര്‍ഖണ്ഡ് 14 ഓവറില്‍ 180 റണ്‍ അടിച്ചെടുത്തു. സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍ കളംനിറഞ്ഞു.
സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ സെഞ്ചുറിയടിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇഷാന്‍. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും കുമാര്‍ കുശാഗ്രയും 177 റണ്ണിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അനുകുല്‍ റോയ്‌യും റോബിന്‍ മിന്‍സും വെടിക്കെട്ടോടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.