Friday, March 13, 2026 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.35 PM

പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും.

uploads/news/2025/12/816763/sp2.jpg

അഹമ്മദാബാദ്‌: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിട്ടു നില്‍ക്കുകയാണ്‌. ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മൂടല്‍ മഞ്ഞ്‌ മൂലം ഒരു പന്ത്‌ പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരം തോറ്റാലും ഇന്ത്യക്കു പരമ്പര നഷ്‌ടമാകില്ല. കാലാവസ്‌ഥ മത്സരത്തിന്‌ അനുയോജ്യമാണെന്നത്‌ ആശ്വാസമാണ്‌. മുടല്‍ മഞ്ഞോ മഴയോ മത്സരത്തിനു തടസമാകില്ല.
ഈ വര്‍ഷം ഇവിടെ രാത്രിയില്‍ നടന്ന ഏഴ്‌ മത്സരങ്ങളില്‍ ആറിലും ആദ്യം ബാറ്റ്‌ ചെയ്‌തവര്‍ ജയിച്ചു. ടെസ്‌റ്റ് പരമ്പര 2-0 ത്തിനു നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കൈവിട്ടത്‌ പൊരിഞ്ഞ പോരാട്ടത്തിനു ശേഷമാണ്‌.
ഇന്നു ജയിച്ച്‌ ട്വന്റി20 പരമ്പര സമനിലയാക്കിയാല്‍ ചരിത്ര നേട്ടവുമായി അവര്‍ക്ക്‌ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറാം. പരമ്പര ദക്ഷിണാഫ്രിക്കയുടെ മാര്‍കോ യാന്‍സന്‌ ഏറെ ഗുണമായി. ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും താന്‍ അവിഭാജ്യ ഘടകമാണെന്നു തെളിയിക്കാന്‍ യാന്‍സനായി.
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ നിരാശാജക പ്രകടനം തുടരുകയാണ്‌. കഴിഞ്ഞ ഒക്‌ടോബറിനു ശേഷം താരത്തിന്‌ അര്‍ധ സെഞ്ചുറിയടിക്കാനായില്ല. തുടര്‍ന്നു നടന്ന 21 ഇന്നിങ്‌സുകളിലായി 239 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 119.5 ആണ്‌ സ്‌ട്രൈക്ക്‌ റേറ്റ്‌. വ്യക്‌തിപരമായ കാരണങ്ങളാല്‍ ലഖ്‌നൗവില്‍ കളിക്കാതിരുന്ന ജസ്‌പ്രീത്‌ ബുംറ ഇന്ത്യന്‍ ടീമിനൊപ്പമെത്തി. ബുംറയുടെ സ്വന്തം നാടാണ്‌ അഹമ്മദാബാദ്‌.
കാലിനു പരുക്കേറ്റ ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍ ഇന്നും കളിക്കില്ലെന്ന്‌ ഉറപ്പാണ്‌. മറ്റൊരു അഹമ്മദാബാദുകാരനായ അക്ഷര്‍ പട്ടേലും അസുഖ ബാധിതനായതിനാല്‍ കളിക്കില്ല. ഗില്ലിന്റെ അഭാവത്തില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ കളിച്ചേക്കും. സഞ്‌ജു സ്‌പെഷലിസ്‌റ്റ് ബാറ്ററായും ജിതേഷ്‌ ശര്‍മ വിക്കറ്റ്‌ കീപ്പറായും തുടരാനാണു സാധ്യത. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാറ്റങ്ങള്‍ക്കു സാധ്യതയില്ല.
സാധ്യതാ ടീം: ഇന്ത്യ - അഭിഷേക്‌ ശര്‍മ, സഞ്‌ജു സാംസണ്‍/ ശുഭ്‌മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), തിലക്‌ വര്‍മ, ജിതേഷ്‌ ശര്‍മ, ഹാര്‍ദിക്‌ പാണ്ഡ്യ, ശിവം ദുബെ, ഹര്‍ഷിത്‌ റാണ/വാഷിങ്‌ടണ്‍ സുന്ദര്‍, അര്‍ഷദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക്‌, റീസ ഹെന്‍ഡ്രിക്‌സ്, എയ്‌ദീന്‍ മാര്‍ക്രം (നായകന്‍), ഡെവാള്‍ഡ്‌ ബ്രെവിസ്‌, ഡേവിഡ്‌ മില്ലര്‍, ഡൊണോവന്‍ ഫെരേര, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്‌, ജോര്‍ജ്‌ ലിന്‍ഡെ/ കേശവ്‌ മഹാരാജ്‌/ആന്റിച്‌ നോര്‍ടിയ, ലുങ്കി എന്‍ഗിഡി, ഒട്ടെനില്‍ ബാര്‍ട്ട്‌മാന്‍.

Ads by Google
Thursday 18 Dec 2025 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW