-->
കോഴിക്കോട്/കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ രണ്ടിലെ ഇന്നു നടക്കുന്ന ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. കണ്ണൂര്‍ ജവാഹര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് കിക്കോഫ്.
പട്ടികയില്‍ ഒന്നാമതായിരുന്ന കാലിക്കറ്റ് എഫ്.സിയെ അവരുടെ തട്ടകത്തില്‍ നടന്ന സെമി ഫൈനലില്‍ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കണ്ണൂര്‍ വാരിയേഴ്‌സ് മത്സരത്തിനെത്തുന്നത്. മലപ്പുറം എഫ്.സിയെ 3-1 നു തോല്‍പ്പിച്ചാണു തൃശൂര്‍ മാജിക് ബൂട്ട് കെട്ടുന്നത്. അഞ്ച് ജയങ്ങളും മൂന്ന് പരാജയങ്ങളും രണ്ട് സമനിലകളുമായി 17 പോയന്റുമായാണ് തൃശൂര്‍ ഫൈനലില്‍ എത്തിയത്.
മൂന്ന് ജയങ്ങളും തോല്‍വിയും നാല് സമനിലയുമായി 13 പോയിന്റുമായി പട്ടികയില്‍ നാലാമതാണ് കണ്ണൂര്‍ വാരിയേഴ്‌സ്. തൃശൂര്‍ 11 ഗോളുകളടിച്ചപ്പോള്‍ എട്ട് ഗോളുകള്‍ വഴങ്ങി. കണ്ണൂര്‍ 14 ഗോളുകളടിച്ചപ്പോള്‍ 15 ഗോളുകള്‍ വഴങ്ങി. സെമിയില്‍ കാലിക്കറ്റിനെതിരെ ഉള്‍പ്പെടെ ഗോളടിച്ച മുന്നേറ്റതാരം മുഹമ്മദ് സിനാനാണ് കണ്ണൂരിന്റെ കുന്തമുന. സിനാന്‍ ഇതു വരെ നാല് ഗോളുകളടിച്ചു.
രണ്ട് വീതം ഗോളടിച്ച അല്‍വാരിസ്, കോര്‍പ്പ എന്നിവരും കണ്ണൂരിന്റെ പ്രതീക്ഷയാണ്. സെയ്‌ദ് മുഹമ്മദ് നിദാല്‍, എബിന്‍ ദാസ് എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചാല്‍ കിരീടം കണ്ണൂരിനൊപ്പം പോരും. മുന്നേറ്റ താരം മാര്‍ക്യൂസ് ലെറിക്കാണ് തൃശൂരിനായി ഗ്രൗണ്ടില്‍ മാജിക്കുകള്‍ കാണിച്ചത്. ഇതിനകം മൂന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്‌ത ലെറിക്കിനൊപ്പം രണ്ട് ഗോളുകള്‍ നേടിയ മൈല്‍സണ്‍ വെറിയാറ്റോയും മികച്ച കളിപുറത്തെടുത്താല്‍ തൃശൂരിന് നേട്ടമാകും. തൃശൂരിനായി ഗോളുകളടിച്ച ഐവിന്‍, ഫൈസല്‍, ബിബിന്‍ അജയന്‍, മുഹമ്മദ് അഫ്‌സല്‍ എന്നിവരും കളംനിറയും. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയും വലിയൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് മുന്‍സിപ്പല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. സൂപ്പര്‍ ലീഗ് കേരളയുടെ സമാപന പരിപാടികള്‍ വൈകുന്നേരം ആറിനാരംഭിക്കും. റാപ്പര്‍ ഗബ്രിയടക്കമുള്ള താരനിരയാരാണു സംഗീത നിശയില്‍ പങ്കെടുക്കും. വെടിക്കെട്ട്, ലൈറ്റ് ഷോ തുടങ്ങിയവയടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്‌ജീകരിക്കുക. പ്രശസ്‌ത ഗായകനും, രചയിതാവുമായ അറിവ് നയിക്കുന്ന മിഡ്-ടൈം ഷോ (ഹാഫ് ടൈം ഷോ) സംഗീത വിരുന്നൊരുക്കും. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്.സി. സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍ എന്നിവര്‍ സംബന്ധിക്കും. ഗാലറികളിലെ ആവേശകരമായ അന്തരീക്ഷം ലൈവ് ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിങ്‌് ഡയറക്‌ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
വിനോദ് താമരശേരി