-->
അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 371 റണ്ണിന് അവസാനിച്ചു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 213 റണ്ണെന്ന നിലയിലാണ്.
48 പന്തില്‍ 30 റണ്ണെടുത്ത ജോഫ്ര ആര്‍ച്ചറും 151 പന്തില്‍ 45 റണ്ണെടുത്ത നായകന്‍ ബെന്‍ സ്‌റ്റോക്‌സുമാണു ക്രീസില്‍. ഓസീസിനായി നായകന്‍ പാറ്റ് കുമ്മിന്‍സ് മൂന്ന് വിക്കറ്റും സ്‌കോട്ട് ബോലന്‍ഡും നഥാന്‍ ലിയോണും രണ്ട് വിക്കറ്റ് വീതവുമെടുത്തു. കാമറൂണ്‍ ഗ്രീനിനാണ് ഒരു വിക്കറ്റ്. മുന്‍നിര ബാറ്റര്‍മാരായ ഓപ്പണര്‍ സാക് ക്രൗളി (ഒന്‍പത്), ഒലി പോപ് (മൂന്ന്), ബെന്‍ ഡക്കറ്റ് (29), ജോ റൂട്ട് (19) എന്നിവര്‍ നിരാശപ്പെടുത്തി. ഹാരി ബ്രൂക് (63 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 45) സ്‌റ്റോക്‌സിനൊപ്പം ചേര്‍ന്നതോടെയാണ് ഇന്നിങ്‌സിന് ജീവന്‍ വച്ചത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്‌മിത്ത് (22), വില്‍ ജാക്‌സ് (ആറ്), ബ്രൈഡന്‍ കാഴ്‌സ് (0) എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ട് 45 റണ്ണുമായി നില്‍ക്കുന്നതാണ് ഇംഗ്ലണ്ടിനു കച്ചിത്തുരുമ്പാകുന്നത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരി അഞ്ച് ക്യാച്ചുകളുമായും തിളങ്ങി.
ക്രൗളി, റൂട്ട്, ബ്രൂക്, സ്‌മിത്ത്, ജാക്‌സ് എന്നിവരെയാണ് അലക്‌സ് ക്യാരി പിടികൂടിയത്‌്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനു 326 റണ്ണെന്ന നിലയിലായിരുന്നു. മിച്ചല്‍ സ്‌റ്റാര്‍ക് (75 പന്തില്‍ 54) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. സ്‌റ്റാര്‍ക്കും നഥാന്‍ ലിയോണും (ഒന്‍പത്) പുറത്തായതോടെ ഇന്നിങ്‌സ് അവസാനിച്ചു. സ്‌കോട്ട് ബോലന്‍ഡ് 14 റണ്ണുമായി പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ അഞ്ച് വിക്കറ്റെടുത്തു. ബ്രൈഡന്‍ കാഴ്‌സും വില്‍ ജാക്‌സും രണ്ട് വിക്കറ്റ് വീതവും ജോഷ് ടങ് ഒരു വിക്കറ്റുമെടുത്തു. ആഷസിലെ കന്നി സെഞ്ചുറിയടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയാണ് (143 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 106) ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഉസ്‌മാന്‍ ഖ്വാജ (126 പന്തില്‍ 82), ജോഷ് ഇംഗ്ലിഷ് (39 പന്തില്‍ 32), മിച്ചല്‍ സ്‌റ്റാര്‍ക് എന്നിവരും ടീമിന്റെ രക്ഷയ്‌ക്കെത്തി.