-->
അഡ്‌ലെയ്‌ഡ്: ഓഫ് സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍ ഓസ്‌ട്രേലിയയുടെ ടെസ്‌റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി. ഇംഗ്ലണ്ടിനെതിരായ ആഷസ് മൂന്നാം ടെസ്‌റ്റില്‍ രണ്ട് വിക്കറ്റെടുത്തതോടെ ലിയോണ്‍ 564 ലെത്തി. മുന്‍ പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്തിനെയാണ് ലിയോണ്‍ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളിയത്.
മക്‌ഗ്രാത്ത് 124 മത്സരങ്ങളിലായി 563 വിക്കറ്റെടുത്തു. ലിയോണ്‍ 141 മത്സരങ്ങളിലായാണ് 564 വിക്കറ്റെടുത്തത്. 145 മത്സരങ്ങളിലായി 708 വിക്കറ്റെടുത്ത അന്തരിച്ച ഇതിഹാസ ലെഗ് സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ ആണ് ഒന്നാമത്. 600 ടെസ്‌റ്റ് വിക്കറ്റുകളെന്ന ലക്ഷ്യത്തിലേക്കാണു ലിയോണ്‍. 800 വിക്കറ്റെടുത്ത ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരനാണ് ഒന്നാമന്‍. വോണ്‍ രണ്ടാം സ്‌ഥാനത്തും ഇംഗ്ലണ്ടിന്റെ മൂന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 704 വിക്കറ്റുമായി മൂന്നാം സ്‌ഥാനത്തുമാണ്.
ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ 619 വിക്കറ്റുമായി നാലാം സ്‌ഥാനത്തും ഇംഗ്ലണ്ടിന്റെ മൂന്‍ പേസര്‍ സ്‌റ്റുവര്‍ട്ട് ബ്രോഡ് 604 വിക്കറ്റുമായി അഞ്ചാം സ്‌ഥാനത്തുമാണ്. ലിയോണ്‍ ആറാം സ്‌ഥാനത്താണ്. ഇന്നലെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഒലി പോപിനെയും ബെന്‍ ഡക്കറ്റിനെയും പുറത്താക്കിയാണ് ലിയോണ്‍ ചരിത്രത്തിലെത്തിയത്. 38 വയസുകാരനായ ലിയോണ്‍ അടുത്ത സീസണിലെ ആഷസ് പരമ്പരയിലും കളിക്കാമെന്ന പ്രതീക്ഷയിലാണ്. ഓസീസിനായി 29 ഏകദിനങ്ങളും രണ്ട് ട്വന്റി20 കളും കളിച്ചു.