-->
ന്യൂഡല്‍ഹി: 1971-ലെ വിമോചന യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളിയാണ് ബംഗ്ലാദേശില്‍ ഇന്ത്യ നേരിടുന്നതെന്ന് ശശി തരൂര്‍ നേതൃത്വം നല്‍കുന്ന പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. സ്‌ഥിതിഗതികള്‍ കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങില്ലെങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.
ഇസ്ലാമിക തീവ്രവാദികളുടെ ഉയര്‍ച്ച, ചൈനീസ്, പാകിസ്‌താന്‍ സ്വാധീനം വര്‍ധിച്ചത്, ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗിന്റെ തകര്‍ച്ച എന്നിവയാണ് അശാന്തിക്കു വഴിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ വേണ്ടവിധം കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ധാക്കയിലെ തന്ത്രപരമായ സ്വാധീനം നഷ്‌ടപ്പെടുമെന്ന മുന്നറിയിപ്പും സമിതി നല്‍കി. ബംഗ്ലാദേശ്- പാകിസ്‌താന്‍ ബന്ധം കൂടുതല്‍ കരുത്താര്‍ജ്‌ജിച്ചതിലും ചൈന ബംാദേശില്‍ സ്വാധീനം വര്‍ധിപ്പിച്ചതിലും സമിതി ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, അടിസ്‌ഥാന സൗകര്യങ്ങള്‍, തുറമുഖ വികസനം, പ്രതിരോധ സഹകരണം എന്നിവയില്‍ ഈ രാജ്യങ്ങള്‍ കൂടുതല്‍ അടുത്തു. മോം തുറമുഖം, ലാല്‍മോനിര്‍ഹത് വ്യോമതാവളം, എട്ട് അന്തര്‍വാഹിനികള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പെക്കുവയിലെ അന്തര്‍വാഹിനി താവളം എന്നിവയുടെ വിപുലീകരണം അടക്കമുള്ള പദ്ധതികള്‍ സമിതി തുറന്നുകാട്ടി. മറുവശത്ത്,ജമാത്തെ-ഇസ്ലാമി ഉള്‍പ്പെടെ ബംഗ്ലാദേശിലെ എല്ലാ വിഭാഗങ്ങളെയും ചൈന ഉള്‍ക്കൊള്ളുന്നുണ്ട്. ഇസ്ലാമിക ഗ്രൂപ്പ് ചൈന സന്ദര്‍ശിക്കുകയും ചെയ്‌തു.വിദേശ ശക്‌തികള്‍ ബംഗ്ലാദേശില്‍ സൈനിക അടിത്തറ കെട്ടിപ്പടുത്തുന്നതു തടയാനും വികസനം, കണക്‌റ്റിവിറ്റി, തുറമുഖ പ്രവേശനം എന്നിവയില്‍ ധാക്കയ്‌ക്ക് അവര്‍ ഓഫറുകള്‍ നല്‍കുന്നതു നിരീക്ഷിക്കാനും പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്‌തിട്ടുണ്ട്.ഇസ്ലാമിസ്‌റ്റുകളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും സമിതി റിപ്പോര്‍ട്ടിലുണ്ട്.
മുമ്പ് നിരോധിക്കപ്പെട്ട ജമാത്തെ-ഇസ്ലാമിയുടെ ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ പുനഃസ്‌ഥാപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇനി അവര്‍ക്ക് മത്സരിക്കാം. മറുവശത്ത്, ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ അവാമി ലീഗിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു വിലങ്ങുതടിയാകുമെന്നും പാനല്‍ ചൂണ്ടിക്കാട്ടി.