-->
ന്യൂഡല്‍ഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വി.ബി-ജി. റാം(വികസിത് ഭാരത്- ഗാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍) ബില്ലിനു ലോക്‌സഭയുടെ അംഗീകാരം. പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കുമിടയില്‍ ശബ്‌ദവോട്ടോടെയാണ് ബില്‍ ലോക്‌സഭ അംഗീകരിച്ചത്.
വ്യാപക പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ബില്‍ സഭയില്‍ കീറിയെറിഞ്ഞു. ബഹളത്തെ തുടര്‍ന്ന് ഉച്ചയോടെ ലോക്‌സഭ നിര്‍ത്തിവച്ചു. ബില്‍ ഇനി രാജ്യസഭ പരിഗണിക്കും.
125 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്ന മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് നിയമം മാറ്റിസ്‌ഥാപിക്കാനാണു പുതിയ നിയമം ലക്ഷ്യമിടുന്നത്. ബില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റിയുടെയോ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ പരിശോധനയ്‌ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു.
ഗാന്ധിജിയുടെ ആശയങ്ങള്‍ നിലനിര്‍ത്താനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവകാശപ്പെട്ടു. 'ബാപ്പുവിന്റെ ആശയങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചു, എന്നാല്‍ ബാപ്പുവിന്റെ ആശയങ്ങളെ നിലനിര്‍ത്താന്‍ നരേന്ദ്ര മോദി പ്രവര്‍ത്തിച്ചു.
ബാപ്പുവിന്റെ ആശയങ്ങള്‍ ഈ പദ്ധതിയില്‍ ജീവിക്കുന്നു'- അദ്ദേഹം അവകാശപ്പെട്ടു. ജന്‍ ധന്‍ യോജന, മുദ്ര യോജന, സ്‌കില്‍ ഇന്ത്യ, അടല്‍ മിഷന്‍, പിഎം ഗരീബ് കല്യാണ്‍ അന്ന യോജന തുടങ്ങിയ പദ്ധതികളും ഗാന്ധിയുടെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉദാഹരണങ്ങളായി അദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താനാണു സര്‍ക്കാര്‍ നീക്കമെന്നു പ്രതിപക്ഷം ആരോപിച്ചു. മഹാത്‌മാഗാന്ധിയുടെ പേര്‍ നിയമത്തില്‍നിന്ന് നീക്കം ചെയ്‌തതിനെ 'രാഷ്‌ട്രപിതാവിന് നേരെ വഞ്ചന'യാണെന്നും ബില്ലിന് പാര്‍ലമെന്ററി പരിശോധന വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയുടെ ഉടനീളം പ്രതിഷേധം തുടര്‍ന്നു. ബില്‍ പാസായതിന് ശേഷം സ്‌പീക്കര്‍ ഓം ബിര്‍ള ലോക്‌സഭ നടപടികള്‍ അവസാനിപ്പിച്ച് നിര്‍ത്തിവച്ചു.കോണ്‍ഗ്രസില്‍നിന്ന് പ്രിയങ്ക ഗാന്ധി, ഡി.എം.കെയില്‍നിന്ന് ടി.ആര്‍. ബാലു, എസ്.പിയുടെ ധര്‍മേന്ദ്ര യാദവ് എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്ലിന്റെ പേര്‍ പഴയതു പോലെ നിലനിര്‍ത്തുക, സംസ്‌ഥാനത്തിന് അധികസാമ്പത്തിക ബാധ്യത വരുന്ന വ്യവസ്‌ഥ ഒഴിവാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.