-->
കൊല്‍ക്കത്ത: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേര് മാറ്റുന്നതു രാഷ്‌ട്രീയ കൊടുങ്കാറ്റ് സൃഷ്‌ടിച്ചിരിക്കെ, കര്‍മ്മശ്രീ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കാന്‍ പശ്‌ചിമ ബംഗാള്‍. ഇതിനായി സംസ്‌ഥാനത്ത് ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.
ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുകയായിരുന്നു മമത. തൊഴിലുറപ്പ് പദ്ധയില്‍നിന്നു ഗാന്ധിജിയുടെ പേര് നീക്കം ചെയ്‌തത് നാണക്കേടുണ്ടാക്കുന്നു. അതിനായി ബില്‍ അവതരിപ്പിച്ച് നമ്മള്‍ രാഷ്‌ട്രപിതാവിനെ പോലും മറക്കുകയാണോ? ഈ സാഹചര്യത്തില്‍ കര്‍മ്മശ്രീ പദ്ധതിയുടെ പേര് മഹാത്മാഗാന്ധിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മഹാത്മാഗാന്ധിയോടുള്ള യഥാര്‍ഥ ബഹുമാനം എന്താണെന്ന് ഇതിലൂടെ തെളിയിക്കും.- മമത പറഞ്ഞു.
അതേസമയം, മുമ്പും തൃണമൂല്‍ ഭരണത്തില്‍ കേന്ദ്രഫണ്ടില്‍നിന്ന് പണം കൊള്ളയടിച്ചത് ഗാന്ധിജിക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടാണെന്ന് പശ്‌ചിമ ബംഗാള്‍ ബി.ജെ.പി മേധാവിയും രാജ്യസഭാ എം.പിയുമായ സാമിക് ഭട്ടാചാര്യ തിരിച്ചടിച്ചു.
ഗാന്ധിക്ക് രാമനോട് വലിയ ഇഷ്‌ടമായിരുന്നു. ഗാന്ധിജിക്ക് ആരെങ്കിലും ഉചിതമായ ബഹുമാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളാണ് ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതെന്നും ഭട്ടാചാര്യ അവകാശപ്പെട്ടു.