-->
ജൗന്‍പുര്‍ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്‌റ്റില്‍. ശ്യാം ബഹദൂറിനെയും (62) ബബിതയെയും (60) കൊലപ്പെടുത്തിയെന്ന കേസിലാണ് എന്‍ജിനീയറായ അംബേഷിനെ അറസ്‌റ്റ് ചെയ്‌തത്. ശരീരങ്ങള്‍ കോടാലികൊണ്ട് വെട്ടി കഷണങ്ങളാക്കി നദിയില്‍ എറിഞ്ഞതായി പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഒരു മുസ്ലിം പെണ്‍കുട്ടിയെയാണ് അംബേഷ് വിവാഹം ചെയ്‌തത്. ആ വിവാഹത്തിന്റെ പേരില്‍ മാതാപിതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അംബേഷും ഭാര്യയും വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇതിനായി അഞ്ചു ലക്ഷം രൂപ ജീവനാംശമായി നല്‍കേണ്ടിയിരുന്നു. ഇതിനായി അംബേഷ് പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു.
ഇതാണു തര്‍ക്കത്തിനും രണ്ട് മരണങ്ങള്‍ക്കും വഴിവച്ചതെന്നും പോലീസ് പറഞ്ഞു. മാതാപിതാക്കളെ കൊന്നതിന് ശേഷം, തെളിവുകള്‍ നശിപ്പിക്കാന്‍ അംബേഷ് ശ്രമിച്ചു. ശരീരങ്ങള്‍ ആറ് കഷണങ്ങളായി വെട്ടി. അവ ചാക്കുകളിലാക്കി കാറില്‍ കൊണ്ടുപോയി നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നു സഹോദരി വന്ദനയെ വിളിച്ച് മാതാപിതാക്കള്‍ വഴക്കിട്ട് വീട്ടില്‍നിന്നു പോയെന്നും അവരെ തിരഞ്ഞുപോവുകയാണെന്നും പറഞ്ഞു. ശേഷം ഫോണ്‍ ഓഫാക്കി. ഈ മാസം 14 ന് ഇയാള്‍ പെട്ടെന്ന് ജൗന്‍പുരിലേക്ക് മടങ്ങിയെത്തി. മാതാപിതാക്കളുടെ വിവരങ്ങളെക്കുറിച്ച് സഹോദരിമാരും മറ്റ് ബന്ധുക്കളും ചോദിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. ഒടുവില്‍, അവര്‍ പോലീസിനെ വിളിച്ചു. പോലീസ് ചോദ്യം ചെയ്‌തപ്പോള്‍ തുടക്കത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.