-->
കർണാടകയിലെ ശക്തി പദ്ധതി പ്രകാരം നാല് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് 4,000 കോടിയിലധികം രൂപ കുടിശ്ശികയായി നൽകാനുണ്ടെന്ന് കർണാടക സർക്കാർ. ശൈത്യകാല നിയമസഭാ സമ്മേളനത്തിൽ കർണാടക സർക്കാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നിവയിൽ ഏകദേശം 650 കോടി ഗുണഭോക്താക്കൾ സൗജന്യ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതി ആരംഭിച്ച 2023 ജൂൺ 11 ന് മുതൽ സൗജന്യ ബസ് യാത്രയുടെ കുടിശ്ശിക കോർപ്പറേഷനുകൾക്ക് നൽകിയിട്ടില്ലെന്നും പറയുന്നു. 2023-24 ൽ 1,180.62 കോടി രൂപയും 2024-25 ൽ 1,170.45 കോടി രൂപയും 2025-26 നവംബർ 25 വരെ 1,655.40 കോടി രൂപയുമാണ് കുടിശ്ശിക. മൊത്തം 4,006.47 കോടി രൂപ കുടിശ്ശിക വരുത്തി.
ഇതുവരെ പദ്ധതിക്കായി 11,748 കോടി രൂപ അനുവദിച്ചതായി സർക്കാർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, കുടിശ്ശിക കൊടുത്ത് തീർക്കാത്തത് ഗതാഗത കോർപ്പറേഷനുകളുടെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ആരോപണമുയർന്നു.