-->
മോഹൻലാൽ - ശോഭന കോമ്പോയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണെന്നതും മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്നതുമടക്കം ഒരുപാട് പ്രത്യേകതകള്‍ ഈ സിനിമയ്ക്കുണ്ടായിരുന്നു. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ കഥാപാത്രമായി എത്തി, പ്രേക്ഷകമനസ്സ് കീഴടക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞുവെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
ആഗോളതലത്തില്‍ തുടരും 232.25 കോടി നേടിയ ചിത്രം കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായി മാറിയിരുന്നു. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി ഈ ചിത്രം മാറി.
ഇപ്പോഴിതാ ‘തുടരും’ നൂറ് കോടിയായ സമയത്ത് താനും നിര്‍മാതാവ് രഞ്ജിത്തും ഇട്ട പോസ്റ്റിന് കമന്റായി ലഭിച്ചത് തെറിവിളികളായിരുന്നുവെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എന്നെങ്കിലും ഒരു മലയാള സിനിമ ആ റെക്കോർഡ് നേടുമോ എന്ന് ചോദിച്ച സമയത്താണ് തങ്ങളുടെ സിനിമ അത് നേടിയതെന്നും എന്നാല്‍ അതിന്റെ സന്തോഷത്തില്‍ പോസ്റ്റ് ഇട്ടപ്പോഴാണ് ഇത്തരം അനുഭവം ഉണ്ടായതെന്നും അതുകാരണം മോഹന്‍ലാലിനോട് പോസ്റ്റ് ഇടേണ്ട എന്ന് വരെ പറഞ്ഞുവെന്നും തരുണ്‍ പറയുന്നു.
‘‘കോടി ക്ലബ്ബുകളൊന്നും വിടണ്ട, എന്തെങ്കിലും നാഴികക്കല്ല് മറികടന്നാല്‍ മാത്രം പുറത്തു വിടാം എന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. എന്നാല്‍ ഒരു സമയത്ത് പ്രൊമോ സോങിന് വേണ്ടി ഭയങ്കരമായ ക്യാംപെയ്ന്‍ ഉണ്ടായി. പ്രൊമോ സോങ് പൂര്‍ത്തിയായ ദിവസം തന്നെയാണ് നൂറ് കോടി ക്ലബ്ബിലുമെത്തിയത്. അതിന്റെ ആഘോഷം പോലെ തന്നെ പ്രൊമോ ഗാനമിറക്കി. അത് ചെയ്യാന്‍ പാടില്ലെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. പക്ഷെ ആരാധകര്‍ക്ക് വേണ്ടിയും അന്നത്തെ സന്തോഷത്തിന് വേണ്ടിയും ചെയ്തു. പിന്നീട് ഞാനും രഞ്ജിത്തേട്ടനുമൊന്നും കോടി ക്ലബ്ബുകളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതിലല്ല സിനിമ. ആളുകള്‍ ഇഷ്ടപ്പെടുക എന്നതാണ് മാനദണ്ഡം.
100 കോടി ഷെയര്‍ ആയി വരുമോ എന്ന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ചോദ്യം വരുന്ന സമയത്താണ് തുടരും അത് നേടുന്നത്. അന്ന് അത് വലിയ കാര്യമായി രഞ്ജിത്തേട്ടൻ എന്നെ വിളിച്ച് പറഞ്ഞു. മലയാളത്തിലേക്ക് ഇനിയും ഫണ്ടേഴ്സ് വരട്ടെ നമ്മുടെ സിനിമ അത് നേടി എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോ അത് എനിക്കും ഭയങ്കര എക്സൈറ്റ്മെന്റ് ആയി കാരണം ഞാൻ അത് വിചാരിച്ചതല്ല. അങ്ങനെ എല്ലാവരും എത്തില്ല എത്തില്ല എന്ന് പറഞ്ഞ സാധനം എത്തി എന്ന് രഞ്ജിത്തേട്ടൻ എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ചേട്ടാ എന്നാ നമുക്ക് അത് പറയാം എന്ന് പറഞ്ഞു ഞങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. അതിന്റെ അടിയില്‍ ഭയങ്കര, പൂക്കുറ്റി തെറികള്‍ ആയിരുന്നു.
കളക്ഷൻ 70 കോടിയെ എത്തിയിട്ടുള്ളൂ നീ 30 കോടി വെള്ളം ചേർത്തല്ലേ എന്ന് ആയിരുന്നു കമന്റുകള്‍. അതെനിക്ക് വല്ലാതെ ഫീല്‍ ആയി. രഞ്ജിത്തേട്ടന്റെ പോസ്റ്റിലും നല്ല തെറി ആയിരുന്നു. ലാലേട്ടനോട് ഞങ്ങള്‍ പോസ്റ്റ് ഇടേണ്ട എന്ന് പറഞ്ഞു, വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേള്‍പ്പിക്കുന്നത്. ഞാൻ ഇടക്ക് രാത്രി രഞ്ജിത്തേട്ടനെ വിളിച്ചു ചോദിച്ചിരുന്നു ചേട്ടാ എന്തേലും നമ്മള്‍ വെള്ളം ചേർത്തതാണോ എന്ന്. എനിക്കറിയുന്ന രഞ്ചിത്തേട്ടൻ ഇതുവരെയും അങ്ങനെ ഒരു ഒരു ബ്ലണ്ടർ കണക്കുകളോ അങ്ങനെ ഒരു ബൂം കണക്കുകളോ പുറത്തുവിടുന്ന ആളല്ല. എനിക്ക് വന്നതല്ലേ പറയാന്‍ പറ്റൂ തരുണേ എന്നാണ് അദ്ദേഹം പറഞ്ഞത്...’’ തരുണ്‍ മൂര്‍ത്തി പറഞ്ഞു. ക്ലബ് എഫ് എം സംഘടിപ്പിച്ച റൗണ്ട്ടേബിളില്‍ മലയാളത്തില്‍ ന്യൂ ജെന്‍ ഹിറ്റ്മേക്കേഴ്സിനൊപ്പം സംസാരിച്ചപ്പോഴാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്.
തരുണ്‍ മൂർത്തി സംവിധാനം ചെയ്ത സിനിമയില്‍ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തില്‍ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.