Saturday, March 14, 2026 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.36 PM

അണ്ടര്‍ 19 വനിതാ ഏകദിനം: കേരളത്തിന്‌ തോല്‍വി

താനെ: അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളം ബംഗാളിനോട്‌ 23 റണ്ണിനു തോറ്റു. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗാള്‍ 50 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 265 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം 49.4 ഓവറില്‍ 242 റണ്ണിന്‌ ഓള്‍ഔട്ടായി.
ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ബംഗാളിന്‌ നായകനും ഓപ്പണറുമായ നായകന്‍ ഇപ്‌സിത മൊണ്ഡലിന്റെ ഇന്നിങ്‌സാണ്‌ കരുത്ത്‌ പകര്‍ന്നത്‌. ഇപ്‌സിതയും പ്രതിവ മണ്ഡിയും ചേര്‍ന്നുള്ള ഓപ്പണിങ്‌ കൂട്ടുകെട്ടില്‍ 90 റണ്‍ പിറന്നു. 43 റണ്‍ നേടി മടങ്ങിയ പ്രതിവയ്‌ക്ക് ശേഷമെത്തിയ ശിവാന്‍ഷിയും മികച്ച പ്രകടനം കാഴ്‌ച വച്ചു. ശിവാന്‍ഷി പുറത്താകാതെ 48 റണ്ണെടുത്തു.
തുടര്‍ന്നെത്തിയ മൂന്ന്‌ ബാറ്റര്‍മാര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മറുവശത്ത്‌ നങ്കൂരമിട്ട ഇപ്‌സിത 97 റണ്ണെടുത്തു. 28 പന്തില്‍ 34 റണ്‍സെടുത്ത അദ്രിജ സര്‍ക്കാരും ബംഗാളിന്‌ വേണ്ടി മികച്ച പ്രകടനം കാഴ്‌ച വച്ചു. കേരളത്തിന്‌ വേണ്ടി അഷിമ ആന്റണി രണ്ട്‌ വിക്കറ്റും നിയ നസ്‌നീന്‍, ശീതള്‍, അനുഷ്‌ക എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. കേരളത്തിന്‌ മൂന്ന്‌ റണ്ണെടുത്ത ഓപ്പണര്‍ ലെക്ഷിദ ജയന്റെ വിക്കറ്റ്‌ തുടക്കത്തില്‍ തന്നെ നഷ്‌ടമായി.
ശ്രേയ പി. സിജുവും ആര്യനന്ദയും ചേര്‍ന്ന രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ കേരളത്തിന്‌ പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന്‌ 142 റണ്‍ കൂട്ടിച്ചേര്‍ത്തു. 30 ഓവര്‍ പിന്നിടുമ്പോള്‍ ശക്‌തമായ നിലയിലായിരുന്നു കേരളം. 31-ാം ഓവറില്‍ തുടരെ രണ്ട്‌ വിക്കറ്റുകള്‍ വീണതു തിരിച്ചടിയായി. 75 പന്തുകളില്‍ 68 റണ്ണെടുത്ത ആര്യനന്ദയും ശ്രദ്ധ സുമേഷുമാണ്‌ പുറത്തായത്‌. 36-ാം ഓവറില്‍ 79 റണ്ണെടുത്ത ശ്രേയ പി. സിജുവും അഷിമ ആന്റണിയും മടങ്ങി. 38-ാം ഓവറില്‍ നിയ നസ്‌നീനും മനസ്വിയും പുറത്തായി. നായിക ഇസബെല്ലിന്റെ സാന്നിധ്യം അപ്പോഴും പ്രതീക്ഷ പകര്‍ന്നു.
ശീതളിനൊപ്പം 23 റണ്ണും അനുഷ്‌കയ്‌ക്കൊപ്പം 34 റണ്ണും കൂട്ടിച്ചേര്‍ത്ത ഇസബെല്‍ കളിയുടെ ആവേശം അവസാന ഓവര്‍ വരെ നിലനിര്‍ത്തി. 50-ാം ഓവറിലെ നാലാം പന്തില്‍ ഇസബെല്‍ റണ്ണൗട്ടായി. ഇസബെല്‍ 42 പന്തുകളില്‍ 35 റണ്ണെടുത്തു. ബംഗാളിന്‌ വേണ്ടി ജഹാന്‍ബി രാജും പ്രതിവ മണ്ഡിയും നാല്‌ വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Wednesday 17 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW