-->
വഡോദര: അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബറോഡ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ടാം ഇന്നിങ്‌സില്‍ ഒന്നിന് 196 റണ്‍ എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 136 റണ്ണിന് അവസാനിപ്പിച്ചിരുന്നു.
ബറോഡ ഒന്നാം ഇന്നിങ്‌സില്‍ 87 റണ്ണിന്റെ ലീഡ് നേടി.അവര്‍ക്ക് ആകെ 283 റണ്‍ ലീഡുണ്ട്. നാല് വിക്കറ്റിന് 50 റണ്‍ എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി ഹൃഷികേശും നായകന്‍ മാനവ് കൃഷ്‌ണയും മാത്രമാണു പിടിച്ചു നിന്നത്. ഒന്‍പത് റണ്ണെടുത്ത ഇഷാന്‍ കുനാലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്‌ടമായത്. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹൃഷികേശും മാനവ് കൃഷ്‌ണയും ചേര്‍ന്ന് 53 റണ്‍ കൂട്ടിച്ചേര്‍ത്തു. വെറും ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് തകര്‍ന്നടിഞ്ഞു. ഹൃഷികേശ് 51 റണ്ണും മാനവ് കൃഷ്‌ണ 31 റണ്ണുമെടുത്തു. മുഹമ്മദ് ഇനാനും അഭിനവ് കെ.വിയും അക്കൗണ്ട് തുറക്കാതെ മടങ്ങി. അവസാന വിക്കറ്റില്‍ ദേവഗിരിയും ആഷ്‌ലിനും ചേര്‍ന്നു നേടിയ 18 റണ്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ 136 ലെത്തിച്ചത്. ബറോഡയ്‌ക്കായി ഹേത് പട്ടേല്‍ മൂന്ന് വിക്കറ്റും അമാഹിദ, ഗൗരവ്, കേശവ് വാര്‍കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. ബറോഡയ്‌ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പൃഥ്വീ ഒഡേദ്രയുടെ വിക്കറ്റ് നഷ്‌ടമായി. ആറ് റണ്ണെടുത്ത പൃഥ്വി റണ്ണൗട്ടായി. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന നായകന്‍ സ്‌മിത് രഥ്വയും വിശ്വാസും ചേര്‍ന്നുള്ള കൂട്ടുകെട്ട് ബറോഡയെ ശക്‌തമായ നിലയിലെത്തിച്ചു. വിശ്വാസ് 118 റണ്ണുമായും സ്‌മിത് 67 റണ്ണുമായും നില്‍ക്കുകയാണ്.