-->
മുംബൈ: കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിനു മുന്നറിയിപ്പുമായി ശിവസേന(ഉദ്ധവ്) നേതാവ് സഞ്‌ജയ് റാവത്ത്. നാളെ രാഷ്‌ട്രീയ ഭൂകമ്പമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. മഹാരാഷ്‌ട്രയുടെ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും സമാനമായ പ്രസ്‌താവന നടത്തിയിരുന്നു.ഡല്‍ഹിയിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ നടക്കുന്ന സംഭാഷണങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താന്‍ സാധ്യതയുള്ള ഒരു വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് റാവത്ത് പറയുന്നത്. ഡിസംബര്‍ 19 ഒരു 'രാഷ്‌ട്രീയ ഭൂകമ്പം' ഉണ്ടാകുമെന്നും അത് മോദി സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിക്കുന്ന രാഷ്‌ട്രീയ പ്രക്ഷോഭങ്ങളുടെ തുടക്കം അമേരിക്കയില്‍നിന്നാണെന്ന സൂചനയും റാവുത്ത് നല്‍കി. 'ബി.ജെ.പി. നേതാക്കളോട് ഡല്‍ഹി വിട്ടുപോകരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് എന്തോ വലിയ സംഭവത്തിന് കളമൊരുക്കുന്നുവെന്ന സൂചന നല്‍കുന്നു'- റാവത്ത് പറഞ്ഞു.നേരത്തെ, പൃഥ്വിരാജ് ചവാനും ഡിസംബര്‍ 19ന് വലിയ രാഷ്‌ട്രീയ മാറ്റം പ്രവചിച്ചിരുന്നു. രാജ്യം ഒരു പുതിയ പ്രധാനമന്ത്രിയെ കാണുമെന്നും, അദ്ദേഹം മഹാരാഷ്‌ട്രയില്‍നിന്നുള്ള വ്യക്‌തിയായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ വ്യക്‌തി ബി.ജെ.പി.യില്‍നിന്നുള്ള ആളായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.