-->
ന്യൂഡല്‍ഹി: ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേരെ അടുത്തിടെയുണ്ടായ ഭീഷണികളിലും ബംഗ്ലാദേശ് രാഷ്‌ട്രീയ നേതാക്കളുടെ ഇന്ത്യാവിരുദ്ധ പ്രസ്‌താവനകളിലും പ്രതിഷേധം അറിയിക്കാന്‍ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷണര്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തി. ഡല്‍ഹിയോട് ശത്രുതയുള്ള ശക്‌തികള്‍ക്ക് ധാക്ക അഭയം നല്‍കുമെന്നും ഇന്ത്യയുടെ 'സെവന്‍ സിസ്‌റ്റേഴ്‌സിനെ' (രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം) ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ സഹായിക്കുമെന്നും ബംഗ്ലാദേശിന്റെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍.സി.പി) നേതാവ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണു വിളിച്ചുവരുത്തല്‍.
ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ശക്‌തമായ ആശങ്കകള്‍ ഹമീദുള്ളയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.ബംഗ്ലാദേശിലെ ചില സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദ സംഘങ്ങള്‍ മെനയാന്‍ ശ്രമിക്കുന്ന കള്ളക്കഥകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഈ സംഭവങ്ങളെക്കുറിച്ച് അവിടുത്തെ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുകയോ ഇന്ത്യയുമായി അര്‍ഥവത്തായ തെളിവുകള്‍ പങ്കുവയ്‌ക്കുകയോ ചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശ് ജനങ്ങളുമായി ഇന്ത്യയ്‌ക്ക് അടുത്ത ബന്ധമുണ്ട്. ബംഗ്ലാദേശില്‍ സമാധാനവും സ്‌ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അവിടെ സ്വതന്ത്രവും നീതിയുക്‌തവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നതും. ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ ദൗത്യങ്ങളുടെയും പോസ്‌റ്റുകളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.മറ്റൊരു വിദ്യാര്‍ഥി നേതാവായ ഉസ്‌മാന്‍ ഹാദിയെ ആക്രമിച്ച സംഭവത്തില്‍ ഇന്‍ഖിലാബ് മഞ്ച സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുക്കവെയാണ് 'സെവന്‍ സിസ്‌റ്റേഴ്‌സ്' പരാമര്‍ശം അബ്‌ദുള്ള നടത്തിയത്. പ്രതികള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന അബദ്ധജടിലമായ അവകാശവാദങ്ങള്‍ക്ക് ആക്കം കൂട്ടിയായിരുന്നു ഈ വാക്കുകള്‍.