-->
ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയും പ്രിയ താരദമ്പതിമാരാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ജീവിതത്തിൽ ഒന്നായ ഇവർ തമ്മിലുള്ള കെമിസ്ട്രി പലരും മാതൃകയാക്കാറുണ്ട്.
ഇപ്പോഴും പരസ്പരമുള്ള പ്രണയത്തിന്റെ കാര്യത്തിൽ യുവമിഥുനങ്ങളെ പോലും ഇവർ അതിശയിപ്പിക്കാറുണ്ട്. പൊതു ചടങ്ങുകളിലും വേദികളിലും പരസ്പരം പിന്തുണച്ചും പ്രശംസിച്ചും ഇവർ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്.
ഇപ്പോഴിതാ റിതേഷിന്റെ ജന്മദിനത്തില്‍ ജെനീലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വരികളാണ് ആരാധകരുടെ മനം കവരുകയാണ്. തങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ മുഴുവൻ ക്രെഡിറ്റും റിതേഷിന് നല്‍കിയാണ് താരം കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
‘‘എന്റെ പ്രിയപ്പെട്ട റിതേഷ്...നമ്മളെ അറിയുന്ന എല്ലാവര്‍ക്കും ഇതറിയാം...ഇത്രയും വർഷങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ എങ്ങനെ ഇത്രയും സന്തോഷത്തോടെ, വേർപിരിക്കാനാവാത്ത വിധം കഴിയുന്നു എന്ന് എല്ലാവരും അത്ഭുതപ്പെടാറുണ്ട്. എനിക്കറിയാം, നമ്മൾ എത്രമാത്രം വേർപിരിയാത്തവരാണെന്ന് അവർ അത്ഭുതപ്പെടുന്നു, എന്നിട്ടും ഇത്രയും വർഷങ്ങൾക്ക് ശേഷവും അതിൽ വളരെ സന്തോഷിക്കുന്നു...
എന്നാല്‍ അതിന്റെ സത്യാവസ്ഥ നീയാണ്. നീ സ്നേഹമാണ്, നീ കൃപയാണ്, നീ എന്നെ ചിരിപ്പിക്കുന്നു. ഞാൻ കരഞ്ഞാലും നീ എന്റെ കണ്ണുനീർ തുടയ്ക്കുന്നു... ഒരു ബന്ധം സ്ഥാപിക്കാൻ ഏറ്റവും അത്ഭുതകരമായ വഴികള്‍ നിങ്ങളിലുണ്ട്. നിന്റെ കൂടെയായിരിക്കുമ്പോള്‍ ഓരോ വ്യക്തിക്കും തങ്ങള്‍ സ്പെഷ്യല്‍ ആണെന്ന് തോന്നും. മറ്റുള്ളവർക്ക് കുറച്ചു സമയം മാത്രം ലഭിക്കുന്ന ആ അനുഭവം 24 മണിക്കൂറും ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവളാണ് ഞാൻ. സ്വർണ്ണ ഹൃദയമുള്ള ആ മനുഷ്യനിൽ നിന്ന് എനിക്ക് എന്ത് അനുഭവിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക...
നീ എനിക്കെല്ലാം ആണ്... അതിലപ്പുറവുമാണ്. അതുകൊണ്ട് തന്നെ നിന്നെ ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ഞാൻ ആഘോഷിക്കും. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവനേ...എന്റെ ഹൃദയം നിനക്ക് കൈയ്യിലാണ്, അത് നിന്നോടൊപ്പം സുരക്ഷിതമായി സൂക്ഷിക്കുക...’’ എന്നാണ് റിതേഷിനൊപ്പമുള്ള പ്രണയാതുരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പങ്കിട്ട് ജനീലിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജെനീലിയയുടെ ഈ കുറിപ്പിന് മറുപടിയായി, ‘നിന്നെ ഞാൻ സ്നേഹിക്കുന്നു ബെയ്‌കോ... എന്റെ ജീവിതത്തിൽ നിന്നെ ലഭിച്ചത് ശരിക്കും ഭാഗ്യമാണ്. നീ എന്റെ ഹൃദയമാണ്...’ എന്നാണ് റിതേഷ് കുറിച്ചത്. കുറിപ്പിനു താഴെ നിരവധി പേരാണ് താരദമ്പതിമാരുടെ പ്രണയത്തിനും ജെനീലിയയുടെ ആശംസകള്‍ക്കും സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്.
‘ബോയ്‌സ്’ എന്ന തമിഴ് ചിത്രവും ‘ഹാസിനി’ എന്ന തെലുങ്ക് ചിത്രവുമാണ് ജെനീലിയ ഏറെ ആരാധകരെ സ്വന്തമാക്കിയത്. 2003-ല്‍ പുറത്തിറങ്ങിയ ‘തുജെ മേരി കസം’ എന്ന ചിത്രത്തിലെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ പ്രണയം വളര്‍ത്തിയത്. പിന്നീട് ഏകദേശം പത്ത് വർഷത്തോളം നീണ്ട ഇവരുടെ പ്രണയം പാപ്പരാസികള്‍ക്കോ വാർത്താ മാധ്യമങ്ങള്‍ക്കോ പിടികൊടുക്കാതെ ഒളിപ്പിച്ചു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2012 ല്‍ ഹിന്ദു - ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായി. റിയാൻ, റാഹില്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇവർക്കുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം റിതേഷിനൊപ്പം ‘വേദ്’ എന്ന മറാത്തി ചിത്രത്തിലൂടെ ജെനീലിയ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരുന്നു.