Wednesday, March 11, 2026 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 09.56 AM

‘ദിലീപിന്റെ കാര്യത്തില്‍ ഞാന്‍ ഹാപ്പി; ഒരു വിഭാഗത്തിന് ദിലീപിനെ അകത്താക്കാനുള്ള തോന്നലുണ്ടെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും? ആ സ്ത്രീക്കുള്ളത് ഡബിള്‍ സ്റ്റാന്റാണ്...’ മേജര്‍ രവി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പലയിടത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇപ്പോഴിതാ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞുവെന്ന് അറിഞ്ഞതില്‍ താൻ സന്തോഷവാനാണെന്ന് പറയുകയാണ് മേജർ രവി.
Director Major Ravi , Dileep, actress assault case
Major Ravi on actress assault case verdict (Image Source: Instagram)

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടിയെ ആക്രമിച്ച കേസിലെ വിധി കഴിഞ്ഞ ദിവസം വന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയിരുന്ന നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയാണ് വിധി വന്നത്. പക്ഷേ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെ പല സ്ഥലങ്ങളില്‍ നിന്നും അമര്‍ഷവും വിവാദങ്ങളും പ്രതികൂലമായ പ്രതികരണങ്ങളും വരുന്നുണ്ട്. ദിലീപിന് അനുകൂലമായി വിധി വന്നതിന്റെ അമര്‍ഷം ഒരു വിഭാഗം ആളുകള്‍ക്കുണ്ട്.
സാധാരണക്കാര്‍ക്ക് മാത്രമല്ല സിനിമാ മേഖലയിലുള്ളവര്‍ പോലും രണ്ട് ചേരിയായി തിരിഞ്ഞിട്ടുണ്ട്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കോടതി വിധിയോടുള്ള അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കോടതി വിധിയോടുള്ള അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ‘അവള്‍ക്കൊപ്പം...’ എന്ന് കുറിച്ചാണ് തങ്ങളുടെ പ്രതിഷേധം പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നത്.
ഇപ്പോഴിതാ ദിലീപ് വിഷയത്തില്‍ ഭാഗ്യലക്ഷ്മി സ്വീകരിക്കുന്ന ഡബിള്‍ സ്റ്റാന്റ് കാണുമ്പോള്‍ പുച്ഛം മാത്രമാണ് തോന്നിയതെന്ന് പറയുകയാണ് മേജർ രവി. ഇത്രയും കാലം ദിലീപ് കോടതി നടപടികള്‍ അനുസരിച്ചുവെന്നും ഇപ്പോള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞുവെന്ന് അറിഞ്ഞതില്‍ താൻ സന്തോഷവാനാണെന്നും മേജർ രവി പറഞ്ഞു.
‘‘നിങ്ങള്‍ക്കിപ്പോള്‍ എന്താണ് കേള്‍ക്കേണ്ടത്..? ദിലീപ് കുറ്റക്കാരനാണെന്ന് കേട്ട് കഴിഞ്ഞാല്‍ സമാധാനമാകുമോ?. കേസില്‍ പ്രതികളായിരുന്നവരില്‍ ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അതിന് ഞാൻ പറയുന്നു...യെസ്...ഗോഡ് ബ്ലസ് യു... ദിലീപിന്റെ കാര്യത്തില്‍ ഞാൻ ഹാപ്പി. കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ആറ് പേർക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പക്ഷെ അവർക്ക് കൊടുത്ത ശിക്ഷ കുറഞ്ഞുപോയതുപോലെ തോന്നി. ദിലീപ് കുറ്റവിമുക്തനായതില്‍ ഞാൻ അഭിനന്ദനം അറിയിച്ച്‌ കഴിഞ്ഞാല്‍ അതിനെ പ്രതി എന്നെ വിമർശിച്ച്‌ കഴിഞ്ഞാല്‍ ഐ ആം റിയലി സോറി...
വിധിയുടെ കാര്യം കഴിഞ്ഞ ശേഷം എനിക്ക് ചിരിയാണ് വന്നത്. ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നാണ് ചോദിക്കുന്നത്. അതെന്താ ദിലീപിനെ ലോക്ക് ചെയ്യാൻ വേണ്ടിയാണോ നിങ്ങളെല്ലാം കൂടി ഈ കേസുണ്ടാക്കിയത്. അങ്ങനല്ലേ പറയുന്നതിപ്പോള്‍. മറ്റ് ആറ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതിനെ കുറിച്ച്‌ ആരും ഒന്നും പറയുന്നില്ല. ആ ആറ് പേർക്ക് കോടതി കൊടുത്ത ശിക്ഷ കുറഞ്ഞുപോയി എന്ന അഭിപ്രായക്കാരനാണ് ഞാൻ. കുറ്റക്കാരാനാണെങ്കില്‍ ഇതില്‍ കൂടുതല്‍ ശിക്ഷ കൊടുക്കണം. കുറ്റക്കാരനല്ലെന്ന് ദിലീപ് തെളിയിച്ച്‌ കഴിഞ്ഞാല്‍ പിന്നെ എന്തിനാണ് ആ മനുഷ്യന്റെ പിറകെ പോകുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത്.
ദിലീപ് ഇതിനോടകം 85 ദിവസം ജയിലില്‍ കിടന്നയാളാണ്. ഇതെല്ലാം കഴിഞ്ഞു. ആ ജീവിതം നിങ്ങള്‍ക്ക് തിരിച്ച്‌ കൊടുക്കാൻ പറ്റുമോ? ഇനി രണ്ടാമതും അപ്പീല്‍ പോകാമല്ലോ. എന്നിട്ട് വീണ്ടും തെളിയിക്കൂ ദിലീപ് കുറ്റക്കാരനാണെന്ന്. ആ സമയത്ത് ദിലീപ് കുറ്റക്കാരനാണെന്ന് പറയാം. ഇപ്പോള്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഇനി ദിലീപിനെ കുറിച്ച്‌ സംസാരിക്കരുത്. സംഭവം നടന്ന പിറ്റേദിവസം ഇരയായ പെണ്‍കുട്ടിയെ പോയി കണ്ടയാളാണ് ഞാൻ. അവരുടെ കൂടെ നിന്ന വ്യക്തിയാണ്. ആ സമയത്ത് ദിലീപിന്റെ പേരൊന്നും വന്നിട്ടില്ല.
ആരാണ് ഈ പ്രവൃത്തി ചെയ്തതെന്നും അറിയില്ല. പിന്നീട് കുറ്റക്കാരെ കുറിച്ചുള്ള വിവരം പുറത്ത് വന്നപ്പോള്‍ അവർക്ക് എതിരായി ഞാൻ സംസാരിച്ചിട്ടുണ്ട്. ദിലീപ് ഇത്രയും കാലം കോടതി നടപടികള്‍ അനുസരിച്ചു. ഇപ്പോള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. ഞാൻ അതില്‍ ഹാപ്പിയാണ്. അല്ലാതെ കുറ്റക്കാരനാക്കണമെന്നൊക്കെ പറഞ്ഞാലോ...
അവിടെയും ഇവിടെയും ഇരുന്ന് രാജിവെക്കും എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്തരം നെഗറ്റീവായ ഡബിള്‍ സ്റ്റാന്റുള്ളവരെ കാണുമ്പോൾ പുച്ഛമാണ്. ഒരു വിഭാഗത്തിന് ദിലീപ് അകത്താകണമെന്ന തോന്നലുണ്ടെങ്കില്‍ ഞാൻ എന്ത് ചെയ്യും. ആ സ്ത്രീക്കുള്ളത് ഡബിള്‍ സ്റ്റാന്റാണ്. അവർ പറയുന്ന സ്റ്റേറ്റ്മെന്റുകള്‍ എല്ലാം ഡബിള്‍ സ്റ്റാന്റുള്ളതാണ്. ഒരു സ്ഥലത്ത് അവർ പറയും ഞാൻ എന്റെ കുട്ടിയെ എടായെന്ന് പോലും വിളിക്കാറില്ലെന്ന്. ആ സ്ത്രീയുടെ പ്രവൃത്തി നമ്മള്‍ കണ്ടതല്ലേ. ഒരാളെ പോയി എന്തെല്ലാം തെറികളാണ് അവർ വിളിച്ചത്. ഡബിള്‍സ്റ്റാന്റ് പാടില്ല...’’ മേജർ രവി പറയുന്നു. മേജര്‍ രവിയുടെ വാക്കുകള്‍ക്ക് പിന്തുണ കുറിച്ചും സത്യമാണെന്ന് കമന്റുകളിട്ടും നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്. എന്നാല്‍ മേജര്‍ രവിയുടെ നിലപാട് ശരിയല്ലെന്ന് പറയുന്നവരും കുറവല്ല.

Ads by Google
Wednesday 17 Dec 2025 09.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW