Saturday, March 14, 2026 Last Updated 41 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.40 PM

തല്ലിയൊതുക്കി; എറിഞ്ഞിട്ടു അണ്ടര്‍-19 ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യക്ക്‌ 315 റണ്‍ ജയം

uploads/news/2025/12/816395/sp2.jpg

ദുബായ്‌: റെക്കോഡുകള്‍ കടപുഴക്കിയ പ്രകടനത്തോടെ അണ്ടര്‍-19 ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മലേഷ്യയെ തരിപ്പണമാക്കി ഇന്ത്യ. ആദ്യം ബാറ്റ്‌ ചെയ്‌ത് ഏഴുവിക്കറ്റിന്‌ 408 റണ്ണടിച്ച്‌ മലേഷ്യയ്‌ക്കു മുന്നില്‍ റണ്‍മല വച്ച ഇന്ത്യന്‍ യുവനിര എതിരാളികളെ 32.1 ഓവറില്‍ വെറും 93 റണ്ണിനു പുറത്താക്കി. 315 റണ്ണിന്റെ വമ്പന്‍ ജയം കുറിച്ച ഇന്ത്യ ഗ്രൂപ്പ്‌ എയിലെ മൂന്നു മത്സരങ്ങളിലും മുഴുവന്‍ പോയിന്റും നേടി ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി സെമിപ്രവേശം രാജകീയമാക്കി. ഈമാസം 19 നാണ്‌ ഇന്ത്യയുടെ സെമി പോരാട്ടം.
യൂത്ത്‌ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തം പേരിലാക്കിയ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ അഭിഗ്യാന്‍ കുണ്‍ഡുവിന്റെ മാസ്‌മരിക പ്രകടനമായിരുന്നു മത്സരത്തിലെ സവിശേഷത. ഇരട്ട സെഞ്ചുറിയടിച്ച താരം 125 പന്തില്‍ പുറത്താകാതെ 209 റണ്‍ നേടി. ഒന്‍പതു സിക്‌സും 17 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇതേ ടൂര്‍ണമെന്റില്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ യു.എ.ഇക്കെതിരേ പതിനാലുകാരന്‍ വൈഭവ്‌ സൂര്യവംശി കുറിച്ച 171 റണ്ണിന്റെ റെക്കോഡാണ്‌ കുണ്‍ഡു പഴങ്കഥയാക്കിയത്‌.
അണ്ടര്‍-19 ക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും അണ്ടര്‍-19 ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്‌കോറും ഇന്നലത്തെ ബാറ്റിങ്‌ പ്രകടനത്തോടെ കുണ്‍ഡുവിന്റെ പേരിലായി. യൂത്ത്‌ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ്‌ കുണ്‍ഡു. ദക്ഷിണാഫ്രിക്കയുടെ ജോറിച്ച്‌ വാന്‍ ഷാല്‍ക്വിക്കാണ്‌ പട്ടികയില്‍ കുണ്‍ഡുവിന്റെ മുന്‍ഗാമി. ഈവര്‍ഷം ആദ്യം ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരേ 153 പന്തില്‍ 215 റണ്ണടിച്ചായിരുന്നു ഷാല്‍ക്വിക്ക്‌ റെക്കോഡ്‌ പുസ്‌തകത്തില്‍ ഇടംനേടിയത്‌. 2012-ല്‍ ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാര്‍ ഖത്തറിനെതിരേ 135 പന്തില്‍ 209 റണ്ണടിച്ചിട്ടുണ്ടെങ്കിലും ആ മത്സരത്തിന്‌ ഔദ്യോഗിക പരിവേഷമുണ്ടായിരുന്നില്ല.
ടോസ്‌ നേടി ഫീല്‍ഡിങ്‌ തെരഞ്ഞെടുത്ത മലേഷ്യയ്‌ക്ക് ആദ്യ പത്തോവറില്‍ മാത്രമാണ്‌ ആശ്വസിക്കാന്‍ നേരിയ വകയുണ്ടായിരുന്നത്‌. ക്യാപ്‌റ്റന്‍ ആയുഷ്‌ മാത്രെ (ഏഴു പന്തില്‍ 14), വണ്‍ഡൗണായെത്തിയ വിഹാന്‍ മല്‍ഹോത്ര (ഏഴ്‌) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ അഞ്ച്‌ ഓവറിനുള്ളില്‍ കൂടാരത്തില്‍ മടങ്ങിയെത്തി.
പക്ഷേ, ഓപ്പണര്‍ വൈഭവ്‌ സൂര്യവംശിയെ ഇതൊന്നും ബാധിച്ചതേയില്ല. പതിവുശൈലിയില്‍ ബാറ്റിങ്‌ വെടിക്കെട്ടുമായി സൂര്യവംശി ബൗളര്‍മാരുടെ ആത്മവിശ്വാസം കെടുത്തി. 26 പന്തില്‍ മൂന്നു സിക്‌സും അഞ്ചുഫോറും അടക്കം അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ താരം പുറത്തായി.
മത്സരത്തില്‍ പിടിമുറുക്കാമെന്ന മലേഷ്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി പിന്നീട്‌ ഇന്ത്യന്‍ ബാറ്റര്‍മാരുടെ വിളയാട്ടത്തിനാണ്‌ ദുബായ്‌ പിന്നീട്‌ സാക്ഷ്യം വഹിച്ചത്‌. 11-ാം ഓവറില്‍ അഞ്ചാമനായി അഭിഗ്യാന്‍ കുണ്‍ഡു ക്രീസിലെത്തി. നാലാമനായെത്തിയ വേദാന്ത്‌ ത്രിവേദിക്കൊപ്പം കുണ്‍ഡു ബൗളര്‍മാരെ തല്ലിച്ചതച്ചു. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ 209 റണ്‍ പിറന്നു. 11-ാം ഓവറില്‍ ഒത്തുചേര്‍ന്ന കൂട്ടുകെട്ട്‌ 41-ാം ഓവറിലാണ്‌ പിരിഞ്ഞത്‌. 106 പന്തില്‍ 90 റണ്ണുമായി ത്രിവേദി ഡ്രസിങ്‌ റൂമില്‍ മടങ്ങിയെത്തി.
41-ാം ഓവറില്‍ ത്രിവേദി പുറത്താകുമ്പോള്‍ 92 പന്തില്‍ 128 റണ്ണിലായിരുന്നു കുണ്‍ഡു. പിന്നീട്‌ നേരിട്ട 33 പന്തില്‍ 81 റണ്‍ വാരിയ കുണ്‍ഡു ഇരട്ടസെഞ്ചുറിയും കടന്നു മുന്നേറി. ഒപ്പം ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുകയും ചെയ്‌തു. യു.എ.ഇക്കെതിരേ 17 പന്തില്‍ പുറത്താകാതെ 32 റണ്ണും പാകിസ്‌താനെതിരേ 22 റണ്ണും കുണ്‍ഡു നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ പൊരുതാതെ കീഴടങ്ങി. ഓപ്പണര്‍മാര്‍ അക്കൗണ്ട്‌ തുറക്കാതെ കൂടാരം കയറിയപ്പോള്‍ 35 റണ്ണുമായി ടോപ്‌ സ്‌കോററായത്‌ ഒന്‍പതാമന്‍ ഹംസ പാംഗിയാണ്‌.
മധ്യനിരയെ കടപുഴക്കി അഞ്ചുവിക്കറ്റുമായി ദീപേഷ്‌ ദേവേന്ദ്രന്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. 7.1 ഓവറില്‍ ഒരു മെയ്‌ഡന്‍ ഉള്‍പ്പെടെ 24 റണ്‍ വഴങ്ങിയായിരുന്നു ദേവേന്ദ്രന്റെ പ്രകടനം. ഉദ്ധവ്‌ മോഹന്‍ രണ്ടു വിക്കറ്റെടുത്തു. കിഷാന്‍ സിങ്‌, ഖിലാന്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ക്ക്‌ ഓരോ ഇരകളെ കിട്ടി.

Ads by Google
Tuesday 16 Dec 2025 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW