-->
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) പുതിയ സീസണിലേക്കുള്ള മിനി താരലേലത്തില്‍ കോടിക്കിലുക്കവുമായി അണ്‍ക്യാപ്‌ഡ് താരങ്ങള്‍. പ്രതീക്ഷിച്ചതുപോലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മിന്നും താരമായി. 10 ഫ്രാഞ്ചെസികള്‍ ചേര്‍ന്ന് 215.45 കോടി രൂപ ചെലവിട്ട് 29 വിദേശതാരങ്ങളെ ഉള്‍പ്പെടെ 77 താരങ്ങളെ സ്വന്തമാക്കി. 25.20 കോടി രൂപയെന്ന വിദേശതാരത്തിന്റെ റെക്കോഡ് തുകയ്‌ക്ക് കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്കുള്ള ഐ.പി.എല്‍. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക നല്‍കി പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മയെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതും വേറിട്ട കാഴ്‌ചയായി. 14.20 കോടി രൂപ വീതമാണ് ഇരുവര്‍ക്കുമായി ചെന്നൈ ചെലവിട്ടത്.
ജമ്മു കശ്‌മീര്‍ താരം അക്വിബ് ദറിനെ 8.40 കോടി രൂപയ്‌ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും മംഗേഷ് യാദവിനെ 5.20 കോടി ചെലവിട്ട് ആര്‍.സി.ബിയും സ്വന്തമാക്കി.
വിദേശതാരത്തിനുള്ള ഐ.പി.എല്‍. ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന തുകയെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാമറൂണ്‍ ഗ്രീനിനെ പാളയത്തിലെത്തിച്ചു. 25.20 കോടി രൂപയെന്ന മോഹവിലയാണ് ഗ്രീനിനായി നൈറ്റ് റൈഡേഴ്‌സ് ചെലവിട്ടത്. ഓസ്‌ട്രേലിയന്‍ സഹതാരമായ മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ പേരിലുണ്ടായിരുന്ന 24.75 കോടി രൂപയുടെ റെക്കോഡാണ് വഴിമാറിയത്.
രണ്ടു കോടി രൂപയായിരുന്നു ഗ്രീനിന്റെ അടിസ്‌ഥാനവില. രാജസ്‌ഥാന്‍ റോയല്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും വെല്ലുവിളി മറികടന്നാണ് ഗ്രീനിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2023-ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയിലും തൊട്ടടുത്തവര്‍ഷം റോയല്‍ ചലഞ്ചേഴ്‌സിനായും ഗ്രീന്‍ ഐ.പി.എലില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഐ.പി.എലില്‍ 29 കളിയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതം 707 റണ്‍ നേടിയിട്ടുണ്ട്
ആഭ്യന്തരക്രിക്കറ്റില്‍ അത്ര പരിചിതരല്ലാത്ത രണ്ടു യുവതാരങ്ങള്‍ക്കായി വാശിയോടെയുള്ള ലേലംവിളിക്കും ദുബായ് ഇന്നലെ സാക്ഷ്യം വഹിച്ചു. ഉത്തര്‍പ്രദേശ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീര്‍, രാജസ്‌ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിക് ശര്‍മ എന്നിവരാണ് വന്‍തുകയ്‌ക്കു വിറ്റഴിഞ്ഞത്. 14.20 കോടി രൂപവീതം നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇരുവരെയും റാഞ്ചിയത്.
പത്തൊന്‍പതുകാരനായ രാജസ്‌ഥാനില്‍നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ കാര്‍ത്തിക് ശര്‍മ ബാറ്റിങ് വെടിക്കെട്ടിനു കെല്‍പ്പുള്ള താരമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 445 റണ്ണടിച്ചിരുന്നു.
ഇടംകൈയന്‍ സ്‌പിന്നറും മധ്യനിര ബാറ്ററുമാണ് വീര്‍. യു.പി. ട്വന്റി-20 സീസണില്‍ 10 കളിയില്‍ 155 പ്രഹരശേഷിയില്‍ 320 റണ്ണും എട്ടുവിക്കറ്റും വീഴ്‌ത്തിയതോടെയാണ് ഐ.പി.എല്‍. ടീമുകള്‍ വീറില്‍ കണ്ണുവച്ചത്. സയദ് മുഷ്‌താഖ് അലി ട്രോഫിയിലെ അഞ്ച് ഇന്നിങ്‌സില്‍ 169 പ്രഹരശേഷിയില്‍ 112 റണ്‍ നേടിയതും വീറിലെ ബാറ്ററെ അടയാളപ്പെടുത്തി. മൂന്നു കോടിക്ക് തേജസ്വി സിങ്ങിനെ കെ.കെ.ആര്‍ സ്വന്തമാക്കിയതും അദ്‌ഭുതപ്പെടുത്തി.
ശ്രീലങ്കന്‍ ബൗളര്‍ മതീഷ പതിരണയെ 18 കോടി രൂപ നല്‍കി കൊല്‍ക്കത്തതന്നെ റാഞ്ചി. രണ്ടു കോടിയില്‍നിന്നായിരുന്നു പതിരണയുടെയും ലേലം തുടങ്ങിയത്. ഡല്‍ഹിയും ലഖ്‌നൗവുമായിരുന്നു പതിരണയ്‌ക്കായി താത്‌പര്യം പ്രകടിപ്പിച്ചത്. ഒടുവില്‍ ഐ.പി.എല്‍. ചരിത്രത്തിലെ ഒരു ലങ്കന്‍ താരത്തിനായി ചെലവിട്ട ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് പതിരണയെ കെ.കെ.ആര്‍. തന്നെ കൈക്കലാക്കി. ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണ്‍ (13 കോടി-സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്), ബംഗ്ലാദേശിന്റെ മുസ്‌താഫിസുര്‍ റഹ്‌മാന്‍ (9.20 കോടി- കൊല്‍ക്കത്ത), ജോഷ് ഇന്‍ഗ്ലിസ് (8.60 കോടി-ലഖ്‌നൗ), രവി ബിഷ്‌ണോയ് (7.20 കോടി-രാജസ്‌ഥാന്‍ റോയല്‍സ്), വെങ്കിടേഷ് അയ്യര്‍ (ഏഴു കോടി-ആര്‍.സി.ബി), ജാസണ്‍ ഹോള്‍ഡര്‍ (ഏഴു കോടി-ഗുജറാത്ത്), ബെന്‍ ഡ്വാര്‍ഷ്യൂയിസ് ( 4.40 കോടി-പഞ്ചാബ്), പാത്തും നിസങ്ക (4 കോടി-ഡല്‍ഹി), കൂപ്പര്‍ കൊണോലി (മൂന്നു കോടി- പഞ്ചാബ്) ജാക്ക് എഡ്‌വേഡ്‌സ് (മൂന്നു കോടി- ഹൈദരാബാദ്) എന്നിവരും ലേലത്തില്‍ തിളങ്ങി.
ആദ്യ രണ്ടുതവണയും ടീമുകള്‍ മുഖംതിരിച്ച ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷോയെ മൂന്നാം തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത് കൈയടികളോടെയാണ് കാണികള്‍ വരവേറ്റത്. 75 ലക്ഷം രൂപയ്‌ക്കാണ് പൃഥ്വി ഡല്‍ഹിയിലെത്തുന്നത്. പക്ഷേ, ഇന്ത്യന്‍ താരം ദീപക് ഹൂഡയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജെയ്‌മി സ്‌മിത്തിനെയും ഒരു ടീമും ലേലം കൊണ്ടില്ല. മുകുള്‍ ചൗധരി, ആന്റിച്ച് നോക്കിയ, വാനിന്ദു ഹസരംഗ, നമന്‍ തിവാരി എന്നിവരെ ലഖ്‌നൗ സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കിനെ മുംബൈ സ്വന്തം പാളയത്തിലെത്തിച്ചു.
രാഹുല്‍ ചാഹര്‍ (ചെന്നൈ), ആകാശ് ദീപ് (കൊല്‍ക്കത്ത), മാറ്റ് ഹെന്‍ട്രി (ചെന്നൈ), ശിവം മാവി (ഹൈദരാബാദ്), രാചിന്‍ രവീന്ദ്ര (കൊല്‍ക്കത്ത), ജേക്കബ് ഡഫി (ആര്‍.സി.ബി), ഡേവിഡ് മില്ലര്‍, ബെന്‍ ഡക്കറ്റ് (ഇരുവരും ഡല്‍ഹി) എന്നിവരിലും ടീമുകള്‍ താത്‌പര്യം കാട്ടി.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയ മലയാളി യുവതാരം വിഘ്‌നേഷ് പുത്തൂരിനെ രാജസ്‌ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അടിസ്‌ഥാനവിലയായ 30 ലക്ഷം രൂപയ്‌ക്കാണ് താരം രാജസ്‌ഥാനിലെത്തിയത്.