-->
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനു സമനില. ഓള്‍ഡ് ട്രാഫോഡില്‍ ബോണ്‍മൗത്താണ് ചെമ്പടയെ പിടിച്ചുകെട്ടിയത്. ഇരുടീമുകളും നാലുഗോള്‍ വീതം അടിച്ചു. മൂന്നുതവണയും പിന്നില്‍നിന്നു പൊരുതിക്കയറിയാണ് ബോണ്‍മൗത്ത് സമനില പിടിച്ചുവാങ്ങിയത്. പോയിന്റ് പട്ടികയില്‍ ആദ്യഅഞ്ചിലെത്താനുള്ള അവസരം സ്വന്തം മൈതാനത്തെ സമനിലയോടെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് കളഞ്ഞുകുളിച്ചു. അമാദ് ദിയോലോ, കാസിമെറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മത്യാസ് കുല്‍ഹ എന്നിവര്‍ യുണൈറ്റഡിനായി വലചലിപ്പിച്ചു. ആന്റണി സെമന്യോ, ഇവാനില്‍സണ്‍, മാര്‍ക്കസ് താവെര്‍നിയര്‍,
13-ാം മിനിറ്റില്‍ മത്യാസ് കുല്‍ഹയുടെ ഹെഡറില്‍നിന്ന് അമാദ് ദിയാലോ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍വേട്ടയ്‌ക്കു തുടക്കമിട്ടു. കളിയുടെ ഗതിക്കു വിപരീതമായി 40-ാം മിനിറ്റില്‍ ബോണ്‍മൗത്ത് ഒപ്പമെത്തി. പ്രതിരോധത്തില്‍ ലൂക്ക് ഷോയുടെ ദൗര്‍ബല്യം മുതലെടുത്ത് ആന്റണി സെമന്യോയാണ് അതിഥികള്‍ക്ക് സമനില സമ്മാനിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനുശേഷം ഇതാദ്യമായാണ് സെമന്യോ സ്‌കോര്‍ ചെയ്യുന്നത്. പക്ഷേ, ഇടവേളയ്‌ക്കു പിരിയുംമുമ്പേ യുണൈറ്റഡ് വീണ്ടും മുന്നിലെത്തി. ബ്രൂണോ ഫെര്‍ണാണ്ടസെടുത്ത കോര്‍ണറില്‍ തലവച്ച് കാസിമെറോയാണ് ഇത്തവണ വലകുലുക്കിയത്. ബോണ്‍മൗത്ത് ഗോള്‍കീപ്പര്‍ പെട്രോവിച്ചിന്റെ പിഴവും ഗോളിലേക്കുള്ള വഴിതുറന്നു.
രണ്ടാം പകുതിയില്‍ ബോണ്‍മൗത്തിന്റെ കടന്നാക്രമണമാണ് കണ്ടത്. ഏഴുമിനിറ്റിന്റെ ഇടവേളയില്‍ രണ്ടുവട്ടം യുണൈറ്റഡ് വലയില്‍ പന്തെത്തി. ഇടവേളയ്‌ക്കുശേഷം പന്തുരുണ്ട് 37-ാം സെക്കന്‍ഡില്‍ ഇവാനില്‍സണ്‍ ബോണ്‍മൗത്ത് സ്‌കോര്‍ 2-2 ആക്കി. 52-ാം മിനിറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ഫ്രീ കിക്കിലൂടെ മാര്‍ക്കസ് താവെര്‍നിയര്‍ ബോണ്‍മൗത്തിന് ലീഡ് സമ്മാനിച്ചു. അപകടം മണത്ത യുണൈറ്റഡ് തുടരെ ആക്രമണം നെയ്‌തു. ഒടുവില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ 77-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിനെ ഒപ്പമെത്തിച്ചു. രണ്ടുമിനിറ്റിനുള്ളില്‍ മത്യാസ് കുന്‍ഹയിലൂടെ ആതിഥേയര്‍ ഒരുവട്ടംകൂടി മുന്നിലെത്തി. തോല്‍ക്കാന്‍ മനസില്ലാതിരുന്ന ബോണ്‍മൗത്ത് കളി അവസാനിക്കാന്‍ ആറു മിനിറ്റുള്ളപ്പോള്‍ ഇലി ജൂനിയര്‍ ക്രൗപിയിലൂടെ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങി.
തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ജയം അകലെയായെങ്കിലും പോയിന്റ് പങ്കിട്ടതോടെ ബോണ്‍മൗത്ത് 13-ാം സ്‌ഥാനത്തേക്കു കയറി. 16 കളിയില്‍ 21 പോയിന്റാണു ടീമിനുള്ളത്. ഇത്രയും കളിയില്‍ 26 പോയിന്റുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ആറാം സ്‌ഥാനത്താണ്.