Friday, March 13, 2026 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.40 PM

ബറോഡ 223ന്‌ പുറത്ത്‌

വഡോദര: 19 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള കുച്ച്‌ ബെഹാര്‍ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിനെതിരേ ബറോഡയുടെ ആദ്യ ഇന്നിങ്‌സ് 223 റണ്‍സിന്‌ അവസാനിച്ചു. നാലു വിക്കറ്റ്‌ വീഴ്‌ത്തിയ ജോബിന്‍ ജോബിയാണ്‌ ബറോഡയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്‌. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ കേരളം നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ പതറുകയാണ്‌.
ടോസ്‌ നേടിയ കേരളം ഏതിരാളികളെ ആദ്യം ബാറ്റ്‌ ചെയ്യാനയച്ചു. പൃഥ്വി ഒഡേദ്രയും ക്യാപ്‌റ്റന്‍ സ്‌മിത്‌ രഥ്വയും ചേര്‍ന്ന ഓപ്പണിങ്‌ കൂട്ടുകെട്ടില്‍ 34 റണ്‍സ്‌ പിറന്നു. അഞ്ച്‌ റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല്‌ വിക്കറ്റുകള്‍ നഷ്‌ടമായത്‌ ബറോഡയ്‌ക്ക് തിരിച്ചടിയായി. 13-ാം ഓവറില്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ ജോബിന്‍ ജോബിയാണ്‌ ബറോഡയ്‌ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്‌.
16 റണ്‍സെടുത്ത പൃഥ്വിയെയും അക്കൗണ്ട്‌ തുറക്കും മുമ്പെ വിശ്വാസിനെയുമാണ്‌ ജോബിന്‍ പുറത്താക്കിയത്‌. 15 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ സ്‌മിത്തിനെ കെ.വി. അഭിനവും പീയൂഷ്‌ റാമിനെ ജോബിനും പുറത്താക്കിയതോടെ നാല്‌ വിക്കറ്റിന്‌ 39 റണ്‍സെന്ന നിലയിലേക്കു ബറോഡ വീണു.
ആറാമനായെത്തിയ ആര്യ എം. പട്ടേലിന്റെ ഇന്നിങ്‌സാണ്‌ ബറോഡയെ കരകയറ്റിയത്‌. 84 റണ്‍സെടുത്ത ആര്യയെ ജോബിന്‍ ജോബിയാണ്‌ പുറത്താക്കിയത്‌. ഹേത്‌ പട്ടേല്‍ 26 റണ്‍സെടുത്തു. പത്താമനായി ഇറങ്ങി 31 റണ്‍സുമായി അമാഹിദ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ജോബിന്‍ ജോബിയും ജോയ്‌ഫിന്നും 12 റണ്‍സ്‌ വീതം നേടി മടങ്ങി. അമയ്‌ മനോജും തോമസ്‌ മാത്യുവും ഒരേയോവറില്‍ പൂജ്യത്തിന്‌ പുറത്തായി. ഇതോടെ നാലു വിക്കറ്റിന്‌ 24 റണ്‍സെന്ന നിലയിലായി കേരളം. തുടര്‍ന്ന്‌ ഹൃഷികേശും ഇഷാന്‍ കുനാലും ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു.

Ads by Google
Tuesday 16 Dec 2025 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW