-->
ന്യൂഡല്‍ഹി: ബില്ലുകള്‍ക്ക് 'ഹിന്ദി' പേരിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രവണതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി തൊഴിലുറപ്പ് പദ്ധതി. ബില്ലുകള്‍ക്കു ഹിന്ദിയിലും ഇംീഷിലും പേരു നല്‍കുന്ന കീഴ്‌വഴക്കത്തില്‍നിന്നു മാറി യാണ് കേന്ദ്രത്തിന്റെ നടപടി. അതേ സമയം, ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷകക്ഷികളും ദക്ഷിണേന്ത്യയില്‍നിന്നുള്ള നേതാക്കളും ആരോപിക്കുന്നു. സമീപകാലത്തു വന്ന മിക്ക ബില്ലുകളുടെയും പേര്‍ ഹിന്ദിയിലാണ്. അല്ലെങ്കില്‍ അവയുടെ ചുരുക്കെഴുത്ത് ഒരു ഹിന്ദി വാക്ക് ആയിരിക്കും.
ഹിന്ദി പേരുകള്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി വരുന്ന പദ്ധതി അറിയപ്പെടുന്നത് 'ജി റാം ജി' എന്ന ചുരുക്കെഴുത്തിലാണ്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍).
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായുള്ള ബില്‍- 'വീക്ഷിത് ഭാരത് ശിക്ഷ അധിഷ്‌ഠാന്‍ ബില്‍'.
ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി 'സബ്‌ക ബീമ, സബ്‌കി രക്ഷ ബില്‍'.
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ മേഖലയ്‌ക്കു പ്രവേശനം അനുവദിക്കുന്നതിനുള്ള ബില്ലിന്റെ പേര്‍ ഇംീഷിലാണെങ്കിലും ചുരുക്കപ്പേര്‍ ഹിന്ദി വാക്കാണ്.-സസ്‌റ്റെയ്‌നബിള്‍ ഹാര്‍നെസിങ് ആന്‍ഡ് അഡ്‌വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ. ചുരുക്കപ്പേര്‍-ശാന്തി.
ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടിക്രമ നിയമസംഹിത, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്‌ക്ക് പകരമായി വന്ന നിയമങ്ങളുടെ പേര്‍ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ്.
1934 ലെ എയര്‍ക്രാഫ്‌റ്റ് ആക്‌ടിന് പകരമായി നിലവില്‍ വന്നത് 'ഭാരതീയ വായുയാന്‍ വിധേയക് നിയമം.'
'ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു'
തിങ്കളാഴ്‌ച, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ വിക്ഷിത് ഭാരത് ശിക്ഷാ ആധിസ്‌ഥാന്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍, പേര്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ചൂണ്ടിക്കാട്ടി. ഹിന്ദി പേരുകള്‍ ഉപയോഗിക്കുന്ന രീതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 348 (ബി) ലംഘനമാണെന്നും പുതിയ നിയമങ്ങള്‍ക്ക് ഇംീഷില്‍ പേരുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കലാണെന്ന് കോണ്‍ഗ്രസ് അംഗം ജ്യോതിമണിയും ഡി.എം.കെ. അംഗം ടി.എം. സെല്‍വഗണപതിയും പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തെ എതിര്‍ത്തതിനാല്‍ തമിഴ്‌നാടിന് എസ്.എസ്.എ. ഫണ്ടുകള്‍ നഷ്‌ടപ്പെട്ടെന്നും ജ്യോതിമണി പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു രംഗത്തെത്തി. ഹിന്ദി സംസാരിക്കാത്ത ജനങ്ങള്‍ക്കും ഹിന്ദി ഒഴികെയുള്ള ഔദ്യോഗിക ഭാഷയുള്ള സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പുതിയ രീതി അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
'ബില്ലിന്റെ പേര്‍ ഇംീഷ് പതിപ്പില്‍ ഇംീഷ് പദങ്ങളിലും ഹിന്ദി പതിപ്പില്‍ ഹിന്ദി പദങ്ങളിലും എഴുതുക എന്നതാണ് പതിവ്. 75 വര്‍ഷത്തെ ഈ പ്രയോഗത്തില്‍ ആരും ഒരു ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചിട്ടില്ലാത്തപ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് മാറ്റം കൊണ്ടുവരുന്നത്.'- പി. ചിദംബരം ചോദിച്ചു.
ഭരണഘടന പറയുന്നത്
പാര്‍ലമെന്റ് മറ്റൊരു വിധത്തില്‍ തീരുമാനിക്കുന്നതുവരെ, കേന്ദ്ര, സംസ്‌ഥാന തലങ്ങളിലെ എല്ലാ ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും ഇംഗ്ലീഷില്‍ തയാറാക്കണമെന്നു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 348(1)(ബി) പറയുന്നു.
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും എല്ലാ നടപടികളും ഇംീഷിലായിരിക്കണം. മറ്റേതെങ്കിലും വിവര്‍ത്തനവുമായി പൊരുത്തക്കേടുണ്ടായാല്‍ ഇംഗ്ലീഷ് പതിപ്പ് നിലനില്‍ക്കണം.