-->
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഡല്‍ഹി കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. 'ഗാന്ധിനഗര്‍ ഗാങ്' കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. ഗൂഢാലോചന എം.പിക്കെതിരേ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരേയാണ്- പത്രസമ്മേളനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു.
'ഗാന്ധിനഗര്‍ ഗാങ് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഇന്ന് വെളിവായിരിക്കുന്നു. ഈ ഗൂഢാലോചന ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരേയാണ്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്നു. അതുകൊണ്ടാണ് ഗൂഢാലോചന നടക്കുന്നത്'- പവന്‍ ഖേര പറഞ്ഞു.വ്യക്‌തിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നും കുറ്റകൃത്യത്തിനുള്ള എഫ്.ഐ.ആറിന്റെ അടിസ്‌ഥാനത്തിലല്ലെന്നും ഇത് നിയമത്തില്‍ അനുവദനീയമല്ലെന്നും കാട്ടിയാണ് റൗസ് അവന്യൂ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്.
ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ വിഷയത്തില്‍ ഇതിനകം തന്നെ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ജഡ്‌ജി ചൂണ്ടിക്കാട്ടി. മെറിറ്റ് സംബന്ധിച്ച ഇ.ഡിയുടെ വാദങ്ങള്‍ പരിഗണിക്കുന്നത് ഈ ഘട്ടത്തില്‍ അപക്വമായിരിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.