-->
ന്യൂഡല്‍ഹി: ഗോവ ക്ലബ് തീപിടുത്തക്കേസില്‍ പ്രധാന പ്രതികളായ ലൂഥ്‌റ സഹോദരന്മാരെ ഇന്ത്യയിലെത്തിച്ചു. ഈ മാസം ആറിനുണ്ടായ അഗ്നിബാധയില്‍ 25 പേരാണു മരിച്ചത്. അഗ്നിബാധയുണ്ടായി മണിക്കൂറുകള്‍ക്കുശേഷം ലൂഥ്‌റ സഹോദരന്മാരായ സൗരഭ് ലൂഥ്‌റ, ഗൗരവ് ലൂഥ്‌റ എന്നിവര്‍ തായ്‌ലന്‍ഡിലേക്കു കടക്കുകയായിരുന്നു.
10 ദിവസങ്ങള്‍ക്കു ശേഷമാണു അവരെ ഡല്‍ഹിയിലെത്തിച്ചത്. ഇന്നലെ ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഗോവ പോലീസ് സൗരഭ്, ഗൗരവ് എന്നിവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അവരെ ഗോവയിലേക്ക് കൊണ്ടുപോകും.
ഈ മാസം ആറിനു രാത്രി 11:45നാണ് 'ദ് ബിര്‍ച്ച് ബൈ റോമിയോ ലെയ്‌ന്‍' ക്ലബില്‍ അഗ്നിബാധയുണ്ടായി. പിറ്റേന്നു പുലര്‍ച്ചെ 1:17ന് ലൂഥ്‌റ സഹോദരന്മാര്‍ തായ്‌ലന്‍ഡിലേക്കു ടിക്കറ്റ് ബുക്ക് ചെയ്‌തു. അന്ന് രാവിലെ 5:30നാണ് അവര്‍ ഇന്ത്യ വിട്ടത്. ഇരുവരും തായ്‌ലന്‍ഡിലേക്ക് രക്ഷപ്പെട്ടതിന് ഏകദേശം 24 മണിക്കൂറിന് ശേഷം, ഇരുവര്‍ക്കുമെതിരേ ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പിന്നാലെ അവരുടെ പാസ്‌പോര്‍ട്ടുകളും റദ്ദാക്കി. തിങ്കളാഴ്‌ചയാണ് ലൂഥ്‌റ സഹോദരന്മാരെ തായ്‌ലന്‍ഡ് പോലീസ് പിടികൂടിയത്. പിന്നാലെ ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു.