-->
അബുദാബി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശ താരമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീൻ. ഐ പി എൽ 2026 ന് മുന്നോടിയായി നടക്കുന്ന മിനി താര ലേലത്തിൽ 25.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തത്.
25.20 കോടി രൂപയ്ക്ക് വിളിച്ചെടുത്തെങ്കിലും 18 കോടിയാണ് താരത്തിന് ലഭിക്കുക. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനയാണ് റെക്കോര്‍ഡ് തുകയക്ക് കൊല്‍ക്കത്തയിലെത്തിയെങ്കിലും ഗ്രീനിന് 18 കോടി രൂപ മാത്രം കിട്ടാന്‍ കാരണമായത്.
കോടികള്‍ മറിഞ്ഞ ലേലത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 25.20 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്മാറേണ്ടി വന്നു. 13.60 കോടിയിലാണ് രാജസ്ഥാന്‍ പിന്മാറിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താല്‍പര്യം കാണിച്ചു. എന്നാല്‍ തുക ഉയര്‍ന്നപ്പോള്‍ ചെന്നൈ പിന്മാറി. അടുത്ത കാലത്ത് മികച്ച ഫോമിലായിരുന്നു താരം.
അതേസമയം സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ എന്നീ ഇന്ത്യന്‍ താരങ്ങളില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് സര്‍ഫറാസ്. മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച പൃഥ്വിയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നിരുന്നാലം ഒരു ടീമും താരത്തില്‍ താല്‍പര്യം കാണിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഡേവിഡ് മില്ലര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് മില്ലറെ ടീമിലെത്തിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ, ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല.