-->
ലോകത്തിന്റെ ഏതു ഭാഗത്തും ഇന്ത്യക്കാര്‍ ക്യൂ നില്‍ക്കുന്നത് കണ്ടാല്‍ത്തന്നെ മനസ്സിലാകും. ബസിലോ, ട്രെയിനിലോ കയറാനോ സിനിമാ ടിക്കറ്റ് എടുക്കാനോ എവിടെയാണെങ്കിലും നിര തെറ്റിക്കാതെ ക്യൂ നില്‍ക്കുകയെന്നത് ഇന്ത്യക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ക്യൂ എവിടെയുണ്ടോ അത് തെറ്റിക്കാതെ മുന്നോട്ട് പോകുന്നതില്‍ വലിയ മനപ്രയാസമുള്ള ആളുകളാണ് ഇവിടുത്തുകാര്‍. വരിതെറ്റിക്കുകയെന്നത് ഒരു തെറ്റായി ഇന്ത്യക്കാര്‍ ഒരിക്കലും കാണാറില്ല.
പ്രായമുള്ളവരോ കുട്ടുകളുമായി കയറുന്ന അമ്മമാരോ ഗർഭിണികളോ കയറിയാല്‍ തങ്ങള്‍ക്ക് കിട്ടിയ സീറ്റ് കൈമാറുകയെന്നതും വലിയ ബുദ്ധിമുട്ടാണ് പലര്‍ക്കും. നേരത്തെ സീറ്റ് ബുക്ക് ചെയ്ത മാറി നില്‍ക്കുന്നവരും കുറവല്ല. എന്നാല്‍ വിദേശത്തുള്ളവര്‍ ഇതിന് നേരെ എതിരാണ്. അവര്‍ക്ക് വരി നില്‍ക്കുന്നതിനോ, മറ്റുള്ളവര്‍ക്ക് വേണ്ടി അല്‍പ്പമൊന്ന് മാറിക്കൊടുക്കുന്നതിനോ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ഇന്ത്യക്കാർ വിദേശത്ത് എത്തിയാലും ഇത്തരം ‘സവിശേഷ സ്വഭാവങ്ങള്‍’ പിന്തുടരുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ തായ്‌ലൻഡ് സന്ദർശിക്കുന്ന ഒരു ഇന്ത്യൻ സഞ്ചാരി, പൗരബോധത്തിന്റെ അഭാവം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ്. ശിവം സോനു പാണ്ഡേ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കിട്ട വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തായ്‍ലന്‍ഡിലെ ഒരു എയർപോർട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടിക്കറ്റ് വെരിഫിക്കേഷനോ മറ്റോ ആളുകള്‍ ഒരു നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇതിനിടെ ചില ഇന്ത്യക്കാര്‍ ക്യൂവില്‍ തങ്ങളുടെ സ്ഥാലം അടയാളപ്പെടുത്തി ബാഗ് വയ്ക്കുകയും ശേഷം അവിടെ വച്ച കസേരകളില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. യുവാക്കളായ ഇന്ത്യൻ വംശജർ തങ്ങളുടെ ബാഗുകള്‍ ഉപയോഗിച്ച് ക്യൂ ബുക്ക് ചെയ്ത് കസേരകളില്‍ ഇരിക്കുന്ന സമയത്ത് അവിടുത്തുകാരായ സ്ത്രീകളും വൃദ്ധരും ആ നീണ്ട ക്യൂവില്‍ വളരെ ക്ഷമയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
നിമിഷനേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് താഴെ ചൂടേറിയ ഓൺലൈൻ ചർച്ചയ്ക്ക് കാരണമായി. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. വൃദ്ധരും സ്ത്രകളും ക്യൂവില്‍ നില്‍ക്കുമ്പോള്‍ ക്യൂ ബുക്ക് ചെയ്ത് ഇരിക്കുന്ന ഇന്ത്യൻ യുവാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് കമന്റുകളില്‍ നിറയുന്നത്. ‘തനി ദേശീ സ്വഭാവം, മറ്റ് രാജ്യങ്ങള്‍ സന്ദർശിക്കുമ്പോഴെങ്കിലും അല്പം മാന്യമായി പെരുമാറിക്കൂടെ, സിവിക് സെന്‍സിന്‍ന്റെ കുറവാണ്, വളർത്തു ദോഷമെന്നല്ലാതെ എന്തു പറയാന്‍...’ എന്നതടക്കമാണ് കമന്റുകള്‍.