-->
അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വൈറലായ താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അഭിനയിക്കുന്ന സിനിമകളേക്കാളേറെ ധ്യാനിന്റെ അഭിമുഖങ്ങളും ഓഫ്-സ്ക്രീൻ തമാശകളുമാണ് സോഷ്യലിടത്ത് വൈറലാകാറുള്ളത്. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് ആരാധകർ ഏറെയുമാണ്. കൂടാതെ ധ്യാൻ പറയുന്ന പല കാര്യങ്ങളും ഏറെ ശ്രദ്ധനേടാറുമുണ്ട്.
ഏറ്റവും സരസമായി, ഇമേജ് ഭയമില്ലാതെ, ‘ബ്രൂട്ടലി ഹോണസ്റ്റ്’ എന്ന രീതിയില്‍ ജീവിതത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍, മിഥ്യാധാരണകള്‍, കുരുത്തക്കേടുകള്‍, വികൃതികള്‍ എന്നിവയൊക്കെ യാതൊരു മടിയുമില്ലാതെ ധ്യാന്‍ തുറന്നു പറയാറുണ്ട്. മലയാളത്തില്‍ സോഷ്യലിടത്ത് ഇത്രയും വൈറലായ മറ്റൊരു താരമുണ്ടോ എന്നുള്ളതും ഒരു സംശയമാണ്.
ധ്യാൻ വർഷങ്ങള്‍ക്ക് മുൻപ് ഒരു അഭിമുഖത്തില്‍ നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് തുറന്നുപറയുന്ന ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ ആ പഴയ അഭിമുഖത്തില്‍, തന്റെ ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിഷ്കളങ്കനായ ആ കൊച്ചു ധ്യാൻ മനസ്സു തുറന്ന് തന്റെയിഷ്ടം പറഞ്ഞത്. പിന്നീട് ഇതേ കാര്യം ചോദിക്കുമ്പോള്‍ നര്‍മ്മം കലര്‍ത്തി ധ്യാന്‍ ഇക്കാര്യം തുറന്നു സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ അക്കാര്യം നവ്യയുടെ മുന്നില്‍ വച്ച് തന്നെ തുറന്നുപറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യനായരെ കാണാന്‍ വേണ്ടിയാണെന്നും .
കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ധ്യാനിന്റെ കൗണ്ടറും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി.
‘‘ഫുട്‌ബോള്‍ പ്രതിഭാസം മെസി വന്ന് പോയത് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുമ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷെ സത്യമാണ്, സംഘാടകരില്‍ ഒരാള്‍ കൂട്ടുകാരനാണ്. മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വരാൻ പറ്റില്ല കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാള്‍ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേന്ന് ഞാനും പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്...’’ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ധ്യാനിന്റെ പറച്ചില്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന നവ്യയെ വീഡിയോയില്‍ കാണാം.
‘‘ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്. ആ ഇന്റര്‍വ്യൂവില്‍ ഒരു വാക്ക് ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഞാന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച ആളാണ് നവ്യ നായര്‍. അന്നത്തെകാലത്ത് മീര ജാസ്മിന്‍, കാവ്യാ മാധവന്‍, നവ്യ നായര്‍- ഇവരില്‍ മൂന്നുപേരില്‍ ഒരാളെ കല്യാണം കഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അത് നടന്നില്ല. ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് മെസിയെക്കാള്‍ അല്ലെങ്കില്‍ മറ്റാരെക്കാളും വലുത് നവ്യയാണ്...’’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. കൊട്ടാരക്കരയില്‍ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ധ്യാൻ ഈ പഴയ കഥകള്‍ പങ്കിട്ടത്. ധ്യാനിന്റെ വാക്കുകള്‍ നവ്യയും സദസ്സും പൊട്ടിച്ചിരിയോടെയാണ് ഏറ്റെടുത്തത്. ആ പഴയ ഇന്റർവ്യൂവിലൂടെയാണ് തന്റെ ‘ഇന്റർവ്യൂ കരിയർ’ ആരംഭിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ആ പഴയ അഭിമുഖത്തിലാണ് താൻ ആദ്യമായി ഈ ‘കല്യാണ ആഗ്രഹം’ തുറന്നുപറഞ്ഞതെന്നും ധ്യാൻ പറഞ്ഞു.
കരിയറിലും സിനിമാത്തിരക്കുകളിലാണ് ധ്യാന്‍ ശ്രീനിവാസന്‍. ഭഭബ എന്ന സിനിമയാണ് ധ്യാനിന്റേതായി റിലീസിന് കാത്തിരിക്കുന്നത്. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്. മോഹൻലാല്‍ അതിഥി വേഷത്തിലും എത്തുന്ന ഭഭബ ഡിസംബർ 18 ന് ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും.