-->
നിരവധി പ്രതിഭാസങ്ങളുടെ കലവറയാണ് നമ്മുടെ പ്രകൃതി. ഓരോ കാഴ്ചയും മനുഷ്യനില്‍ കൗതുകമുണര്‍ത്തുന്ന വിധത്തിലുള്ളതാണ്. ഇത്തരത്തിലൊന്നാണ് തടാകത്തിനു മുകളില്‍ വലിയ പൊറോട്ടകള്‍ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികള്‍. സ്‌കോട്‌ലന്‍ഡിലെ വിഗ്ടണ്‍ഷറിലുള്ള ബ്ലാഡ്‌നോച്ച് എന്ന നദിയിലാണ് വിചിത്ര പ്രതിഭാസം ഉടലെടുത്തത്. വളരെ അപൂര്‍വമായി സംഭവിക്കുന്ന ഘടനകളാണ് ഐസ് പാന്‍കേക്കുകളെന്നും വളരെ തണുപ്പുള്ള കടലിലും തടാകങ്ങളിലും നദികളിലുമാണ് ഇവയുണ്ടാകുക.
ഉത്തരധ്രുവമേഖലയോടു ചേര്‍ന്ന ആര്‍ക്ടിക് സമുദ്രത്തില്‍ ഇടയ്ക്കിടെ ഇത്തരം ഐസ് പാന്‍കേക്കുകള്‍ ഉണ്ടാകാറുണ്ട്. ഇതുവളരെ പ്രശസ്തവുമാണ്. ജലോപരിതലത്തില്‍ ഉണ്ടാകുന്ന എഡ്ഡി എന്ന കറങ്ങുന്ന തരംഗങ്ങളാണ് ഈ ഘടനയ്ക്ക് വഴിവയ്ക്കുന്നത്. ഈ തരംഗങ്ങളില്‍ പെട്ട് ജലാശയങ്ങളിലെ പത കറങ്ങുകയും ഇവ ഐസ് പാന്‍കേക്കുകളെ സൃഷ്ടിക്കുകയും ചെയ്യും. 20 സെന്റിമീറ്റര്‍ മുതല്‍ 200 സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ ഇവ രൂപപ്പെടാറുണ്ട്. കട്ടിയേറിയ ഡിസ്‌കുകള്‍ പോലെ തോന്നിക്കുമെങ്കിലും കൈയിലെടുത്താല്‍ ഇവ മുറിഞ്ഞുപോകും.