Saturday, March 14, 2026 Last Updated 52 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.36 PM

തൃശൂരിന്റെ മാജിക്ക്‌

uploads/news/2025/12/816182/sp3.jpg

തൃശൂര്‍: സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോള്‍ രണ്ടാം സീസണിന്റെ ഫൈനലില്‍ തൃശൂര്‍ മാജിക്‌ എഫ്‌.സിയും കണ്ണൂര്‍ വാരിയേഴ്‌സ്‌ എഫ്‌.സിയും തമ്മില്‍ ഏറ്റുമുട്ടും. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ മലപ്പുറം എഫ്‌.സിയെ 3-1 നു തൃശൂര്‍ ഫൈനലിന്‌ യോഗ്യത നേടിയത്‌. ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ താരം മാര്‍ക്കസ്‌ ജോസഫിന്റെ ഹാട്രിക്കാണ്‌ തൃശൂരിന്‌ ജയമൊരുക്കിയത്‌. മലപ്പുറത്തിന്റെ ഗോളടിച്ചത്‌ എല്‍ഫോര്‍സിയാണ്‌.
കണ്ണൂര്‍ മുന്‍സിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച രാത്രി 7.30 മുതലാണു ഫൈനല്‍. ഇന്നലെ 17-ാം മിനിറ്റില്‍ തൃശൂര്‍ പ്രതിരോധത്തിലെ പിഴവ്‌ മുതലെടുത്ത്‌ റോയ്‌ കൃഷ്‌ണ പറത്തിയ ഷോട്ട്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പോയി. അടുത്ത മിനിറ്റില്‍ തൃശൂരിന്റെ ജിയാദ്‌ ഒറ്റയ്‌ക്ക് മുന്നേറി നടത്തിയ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. 23-ാം മിനിറ്റില്‍ തൃശൂരിന്റെ നാല്‌ പ്രതിരോധക്കാര്‍ക്കിടയില്‍നിന്ന്‌ മലപ്പുറത്തിന്റെ എല്‍ഫോര്‍സിയുടെ കാലില്‍നിന്നു പോയ മഴവില്‍ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു.
26-ാം മിനിറ്റില്‍ തൃശൂര്‍ ഗോളടിച്ചു. ബോക്‌സിന്‌ തൊട്ടുപുറത്തു നിന്ന്‌ ലഭിച്ച ഫ്രീകിക്ക്‌ ലക്ഷ്യത്തിലെത്തിച്ചത്‌ മാര്‍ക്കസ്‌ ജോസഫ്‌. പ്രതിരോധമതിലില്‍ നിന്ന നിധിന്‍ മധുവിന്റെ ശരീരത്തില്‍ തട്ടി ദിശമാറിയാണ്‌ പന്ത്‌ മലപ്പുറത്തിന്റെ വലയില്‍ കയറിയത്‌. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്കില്‍ നിന്നാണ്‌ മൊറൊക്കോക്കാരന്‍ എല്‍ഫോര്‍സി ഗോളടിച്ചത്‌. രണ്ടാം പകുതി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ മലപ്പുറത്തിന്‌ മികച്ച അവസരം ലഭിച്ചു. യുവതാരം അഭിജിത്തിന്റെ പാസ്‌ സ്വീകരിച്ച്‌ എയ്‌ത്തോര്‍ ആല്‍ഡലിര്‍ തിരിച്ചുവിട്ട പന്ത്‌ പോസ്‌റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്‌. 65-ാം മിനിറ്റില്‍ മാര്‍ക്കസ്‌ ജോസഫിന്റെ ബാക്ക്‌ ഹീല്‍ പാസ്‌ ഫൈസല്‍ അലി കരുത്തുറ്റ ഷോട്ടാക്കിയെങ്കിലും പോസ്‌റ്റില്‍നിന്ന്‌ ഏറെ അകലെയായി. 84-ാം മിനിറ്റില്‍ രണ്ടാം ഗോളും ഇഞ്ചുറി സമയത്ത്‌ മൂന്നാം ഗോളും മലപ്പുറത്തിന്റെ വലയിലെത്തി. ലീഗ്‌ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നാം പാദം മലപ്പുറം 1-0 നും രണ്ടാം പാദം തൃശൂര്‍ 2-1 നും ജയിച്ചിരുന്നു.

Ads by Google
Monday 15 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW