Friday, March 13, 2026 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.36 PM

താരങ്ങളെ ഇതിലേ...

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ മിനി താര ലേലം ഇന്നു നടക്കും. ഉച്ചയ്‌ക്ക് എതിഹാദ്‌ അരീനയില്‍ 2.30 മുതലാണു ലേലം. 237.55 കോടി രൂപയാണ്‌ ഫ്രാഞ്ചൈസികള്‍ക്ക്‌ ആകെ ചെലവഴിക്കാനാകുക.
64.3 കോടി രൂപ പഴ്‌സിലുള്ള കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ താരങ്ങളെ റാഞ്ചാന്‍ ഏറ്റവും കൂടുതല്‍ അവസരം. അവര്‍ക്ക്‌ 13 സ്ലോട്ടുകളാണ്‌. പരമാവധി ആറ്‌ വിദേശ താരങ്ങളെ സ്വന്തമാക്കാം. 43.4 കോടി രൂപ കൈയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണു രണ്ടാമത്‌. പത്ത്‌ സ്ലോട്ടുകളാണ്‌ അവര്‍ക്കുള്ളത്‌. അതില്‍ പരമാവധി നാല്‌ വിദേശ താരങ്ങളാകാം. മറ്റു ഫ്രാഞ്ചൈസികള്‍ക്കു കൈയിലുള്ളത്‌ 30 കോടി രൂപയില്‍ താഴെ മാത്രമാണ്‌. ഡല്‍ഹി ക്യാപിറ്റല്‍സ്‌ അക്ഷര്‍ പട്ടേല്‍, ലോകേഷ്‌ രാഹുല്‍, കുല്‍ദീപ്‌ യാദവ്‌ എന്നിവരെ നിലനിര്‍ത്തി. 21.80 കോടി രൂപ കൈവശമുള്ള അവര്‍ക്ക്‌ എട്ട്‌ സ്ലോട്ടുകളുണ്ട്‌.
അഞ്ച്‌ വിദേശ താരങ്ങളെ വരെ അവര്‍ക്കു സ്വന്തമാക്കാം. ഗുജറാത്ത്‌ ടൈറ്റന്‍സ്‌ ശുഭ്‌മന്‍ ഗില്‍, റാഷിദ്‌ ഖാന്‍, ജോസ്‌ ബട്ട്‌ലര്‍, കാഗിസോ റബാഡ, മുഹമ്മദ്‌ സിറാജ്‌ എന്നിവരെ നിലനിര്‍ത്തി. അഞ്ച്‌ സ്ലോട്ടുകളാണ്‌ (നാല്‌ വിദേശ താരങ്ങള്‍) അവര്‍ക്കുള്ളത്‌. 12.90 കോടി രൂപയാണു കൈയിലുള്ളത്‌.
ഏഴ്‌ താരങ്ങളെ ഒഴിവാക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്‌ താര ലേലത്തില്‍ 22.9 കോടി രൂപ ചെലവാക്കാം. ഋഷഭ്‌ പന്ത്‌ നയിക്കുന്ന ടീമില്‍ ഡേവിഡ്‌ മില്ലര്‍, രവി ബിഷ്‌ണോയ്‌ എന്നിവരെ നിലനിര്‍ത്താന്‍ താല്‍പര്യപ്പെട്ടില്ല. മുഹമ്മദ്‌ ഷമിയെ ലഖ്‌നൗ ട്രേഡ്‌ ഡീലിലൂടെ സ്വന്തമാക്കിയിരുന്നു. ആറ്‌ സ്ലോട്ടുകളാണ്‌ അവര്‍ക്കുള്ളത്‌. പരമാവധി നാല്‌ വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. സഞ്‌ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൈമാറിയ രാജസ്‌ഥാന്‍ റോയല്‍സിന്‌ 16.05 കോടി രൂപയാണു കൈവശമുള്ളത്‌. ഒന്‍പത്‌ സ്ലോട്ടുകളാണ്‌ അവര്‍ക്കുള്ളത്‌. ഒരു വിദേശ താരത്തെ മാത്രമാണു രാജസ്‌ഥാനു കൈവശമാക്കാന്‍ കഴിയുക. ആഡം സാംപ, രാഹുല്‍ ചാഹാര്‍ തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‌ 25.5 കോടി രൂപയാണു കൈവശമുള്ളത്‌. രണ്ട്‌ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പത്ത്‌ പേരെയാണ്‌ അവര്‍ക്കു സ്വന്തമാക്കാനാകുക.
നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയിരുന്നു. എട്ട്‌ സ്ലോട്ടുകളിലായി 16.4 കോടി രൂപയാണ്‌ അവര്‍ക്കു ചെലവഴിക്കാനാകുക. പരമാവധി രണ്ട്‌ വിദേശ താരങ്ങള്‍ മാത്രമാണ്‌ ആര്‍.സി.ബി. ടീമിലെത്തുക. ഭൂരിഭാഗം താരങ്ങളെയും നിലനിര്‍ത്തിയ പഞ്ചാബ്‌ കിങ്‌സിന്‌ ഇന്നു 11.50 കോടി രൂപ മാത്രമാണു ചെലവഴിക്കാനാകുക. രണ്ട്‌ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ നാല്‌ സ്ലോട്ടുകളാണ്‌ അവര്‍ക്കുള്ളത്‌.
2.75 കോടി രൂപ മാത്രം കൈവശമുള്ള മുംബൈ ഇന്ത്യന്‍സിനാണ്‌ ഇന്ന്‌ ഏറ്റവും കുറച്ച്‌ ചെലവഴിക്കാനാകുക. അഞ്ചുവട്ടം ചാമ്പ്യനായ മുംബൈ അഞ്ച്‌ സ്ലോട്ടുകളാണ്‌. ഒരു വിദേശ താരത്തെ മാത്രമാണ്‌ അവര്‍ക്കു ടീമിലെത്തിക്കാനാകുക.

Ads by Google
Monday 15 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW