-->
ന്യൂഡല്‍ഹി: ഭീകരരെ സംബന്ധിച്ച് ഇന്ത്യയെന്നതു പേടിസ്വപ്‌നമാണെന്നു ജമ്മുകശ്‌മീര്‍ പോലീസ് മുന്‍ മേധാവി എസ്.പി വൈദ്. ജമ്മു കശ്‌മീരിലെ ജയിലില്‍ കഴിഞ്ഞ കാലം പരാമര്‍ശിക്കവേ, ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകനും കൊടുംഭീകരനുമായ മസൂദ് അസ്‌ഹര്‍ വിതുമ്പിയെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1990 കളുടെ തുടക്കത്തില്‍ മസൂദ് അസ്‌ഹര്‍ ഉള്‍പ്പടെയുള്ള ഭീകരരെ പാര്‍പ്പിച്ചിരുന്ന ജമ്മു കശ്‌മീരിലെ കോട് ഭല്‍വാല്‍ ജയിലിന്റെ സുരക്ഷാച്ചുമതല വൈദിനായിരുന്നു. പാകിസ്‌താനില്‍ അടുത്തിടെ നടന്ന പരിപാടിയില്‍ തുരങ്കം നിര്‍മിച്ച് ജയില്‍ ചാടാനുള്ള തങ്ങളുടെ പദ്ധതി പരാജയപ്പെട്ടത് മസൂദ് അസ്‌ഹര്‍ അനുസ്‌മരിച്ചിരുന്നു.
ഈ അനുഭവങ്ങള്‍ വിവരിക്കുന്നതിനിടെയാണ് ഇയാള്‍ വിതുമ്പിയത്. ഇതിന്റെ ഓഡിയോ യഥാര്‍ത്ഥമാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്.
അസ്‌ഹര്‍ ജയിലിലായിരുന്ന സമയം മുതല്‍ 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചി ഇയാളെ മോചിപ്പിച്ചത് വരെയുള്ള കാലത്തെ അധികമാരും അറിയാത്ത സംഭവങ്ങള്‍ സ്വകാര്യ ചാനലുമായി നടത്തിയ സംഭാഷണത്തില്‍ വൈദ് പങ്കുവച്ചു.
"ഭീകരന്റെ നിലവിളി കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ വിജയമാണ് ഇത് തെളിയിക്കുന്നത്. എണ്ണമറ്റ കുടുംബങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിച്ച ഭീകരനാണ് അയാള്‍" -വൈദ് പറഞ്ഞു. പാകിസ്‌താനില്‍ കൂടുതല്‍ പിന്തുണ നേടാന്‍ അസ്‌ഹര്‍ ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍, ഇയാള്‍ ദുര്‍ബലനായിത്തുടങ്ങിയെന്ന മറ്റു ഭീകരഗ്രൂപ്പുകളുടെ വിലയിരുത്തല്‍ ഇതിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും വൈദ് വ്യക്‌തമാക്കി. മസൂദ് അസ്‌ഹറിനെ മോചിപ്പിക്കാന്‍ ഭീകരര്‍ പലതവണ ശ്രമിച്ചിരുന്നു. പ്രസംഗപാടവമാണ് ഇയാളെ പാകിസ്‌താനു വേണ്ടപ്പെട്ടവനാക്കിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "മസൂദ് അസ്‌ഹര്‍, ഹാഫിസ് സയീദ് തുടങ്ങിയ ഭീകരര്‍ക്ക് അപാരമായ ആശയവിനിമയശേഷിയുണ്ട്. ആളുകളെ തങ്ങളുടെ ആശയങ്ങളിലേക്ക് അടുപ്പിക്കുന്നതിനും ഭീകരരാക്കുന്നതിനും ഇവര്‍ ഇതു പ്രയോജനപ്പെടുത്തുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിന് ആളുകളെ സംഘടിപ്പിക്കാന്‍ പാക് സൈന്യത്തിനും ചാരസംഘടന ഐ.എസ്.ഐയ്‌ക്കും ഇത് ആവശ്യമാണ്" -വൈദ് കൂട്ടിച്ചേര്‍ത്തു.
ജമ്മുകശ്‌മീരിലെ അതീവ സുരക്ഷയുള്ള കോട്ട് ഭാല്‍വാല്‍ ജയിലില്‍നിന്നാണ് അസ്‌ഹര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
എന്നാല്‍, അന്നു തന്നെ പിടിക്കപ്പെട്ടു. ജയില്‍ പരിസരത്തുനിന്നു സംഘടിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ് അസ്‌ഹര്‍ ഓഡിയോയില്‍ വിവരിക്കുന്നത്. എന്നാല്‍, പിടിക്കപ്പെട്ടതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരുന്നെന്ന് വിവരിച്ച് ഇയാള്‍ വിതുമ്പുന്നത് ഓഡിയോയില്‍ കേള്‍ക്കാം. ജയില്‍ചാടാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ഇയാള്‍ക്കും കൂടെയുണ്ടായിരുന്ന തടവുകാര്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ചങ്ങലയില്‍ ബന്ധിച്ച തനിക്ക് ദിനചര്യകള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ടായിരുന്നുവെന്ന് അസ്‌ഹര്‍ പറയുന്നു. 1994 ഫെബ്രുവരിയിലാണ് അസ്‌ഹര്‍ വ്യാജ പേരില്‍ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തുന്നത്.
ഇതേ വര്‍ഷം തന്നെ ജമ്മുകശ്‌മീരിലെ അനന്തനാഗില്‍നിന്നു പിടിയിലായി. 1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് റാഞ്ചിയ സംഭവത്തെ തുടര്‍ന്നാണ് മോചിതനാകുന്നത്. പിന്നാലെ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപിച്ചു. പാര്‍ലമെന്റ് ആക്രമണം (2001), മുംബൈ ആക്രമണം (2008), പത്താന്‍കോട്ട് ആക്രമണം (2016), പല്‍വാമ ആക്രമണം (2019) എന്നിവയുടെ മുഖ്യസൂത്രധാരനാണിയാള്‍.